സ്‌പോര്‍ട്‌സ് ബൈക്കുകള്‍, സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകള്‍ എന്നിവയെല്ലാം നിരത്തുകളില്‍ നിറഞ്ഞിട്ടും ഇന്നും പ്രതാപം അസ്തമിക്കാത്ത ഇരുചക്ര വാഹനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡിന്റേത്. ബുള്ളറ്റ് മാത്രമുണ്ടായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയില്‍ ഇന്ന് 13 ബൈക്കുകളാണുള്ളത്.

ഇവയില്‍ ഇന്നും ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് 350 സിസി എന്‍ജിനിലെത്തുന്ന ക്ലാസിക് തന്നെയായിരിക്കും. കാഴ്ചയില്‍ സ്റ്റൈലിഷും ഡ്രൈവിങ്ങ് കംഫര്‍ട്ടും ഉറപ്പാക്കുന്ന ഈ ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് ജനുവരി ഏഴാം തീയതി നിരത്തുകളിലെത്തുകയാണ്. 

ബിഎസ്-6 എന്‍ജിനിലുള്ള ക്ലാസിക് 350-യുടെ ബുക്കിങ്ങ് ഡീലര്‍ഷിപ്പ് തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ്-6 എന്‍ജിന്‍ ക്ലാസിക് 350 ഡീലര്‍ഷിപ്പുകളിലെത്തി തുടങ്ങിയിട്ടുണ്ട്.

ബിഎസ്-6 എന്‍ജിനിലേക്ക് മാറിയതിനൊപ്പം പുറംമോടിയിലും അത്യാവശ്യ മാറ്റങ്ങള്‍ വരുത്തിയാണ് ക്ലാസിക് 350 എത്തുന്നത്. പുതിയ പെയിന്റ് സ്‌കീം, ഗ്രാഫിക്‌സ്, പുതിയ ഡിസൈനിലുള്ള അലോയി വീല്‍ എന്നിവയാണ് ലൂക്കില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍.

ബിഎസ്-6 നിലവാരത്തിലേക്ക് മാറിയ 346 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ എന്‍ജിനിലേക്ക് മാറിയതോടെ ക്ലാസിക് 350-യുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 2020 ക്ലാസിക് 350-ക്ക് മുന്‍ മോഡലിനെക്കാള്‍ 10,000 രൂപ അധികമാണ്. ക്ലാസിക് 350 പിന്നാലെ തന്നെ തണ്ടര്‍ബേഡ് 350-യും പുതിയ എന്‍ജിനിലേക്ക് മാറുന്നുണ്ടെന്നാണ് സൂചന.

Content Highlights: Royal Enfield Classic 350 BS-6 Engine Launch In January 7