റോയല്‍ എന്‍ഫീല്‍ഡ് പുതിയ ക്ലാസിക് 350 എസ് മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 1.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില, സ്റ്റാന്റേര്‍ഡ് ക്ലാസിക് 350 മോഡലിനെക്കാള്‍ 9000 രൂപയോളം കുറവാണ് പുതിയ ക്ലാസിക് 350 എസിന്. വില കുറയ്ക്കുന്നതിന്റെ ഭാഗമായി മുന്‍മോഡലില്‍നിന്ന് ചില മാറ്റങ്ങളും പുതിയ ക്ലാസിക്കില്‍ വരുത്തിയിട്ടുണ്ട്‌. ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇഎസ് എന്നിവയുടെ വില കുറഞ്ഞ മോഡലുകളും അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിച്ചിരുന്നു. 

ക്ലാസിക് 350 എസിന്റെ വില കുറയ്ക്കാന്‍ ബോഡിയിലെ ക്രോം ഫിനിഷിങ് ഒഴിവാക്കി. ഫ്യുവല്‍ ടാങ്ക് ഒഴികെ പ്രധാന ഭാഗങ്ങളെല്ലാം കറുപ്പ് നിറത്തിലാണ്. ഫ്യുവല്‍ ടാങ്കിലെ ലോഗോയും സിംപിളാക്കി. ഡ്യുവല്‍ ചാനല്‍ എബിഎസും പുതിയ ക്ലാസിക്കിലില്ല. മുന്നില്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസാണ് സുരക്ഷ ഒരുക്കുക. പിന്നില്‍ ഡ്രം ബ്രേക്കാണ്. മെര്‍ക്കുറി സില്‍വര്‍, പ്യുവര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാകും. 

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്ലാസിക്ക് 350 എസിലും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ആദ്യ ഘട്ടത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ക്ലാസിക് 350 എസ് ലഭ്യമാവുക. വൈകാതെ കൂടുതല്‍ നഗരങ്ങളിലേക്കും വില കുറഞ്ഞ ക്ലാസിക് അവതരിപ്പിക്കും.

Content Highlights; royal enfield classci 350 s launched in india, most affordable classic 350