റോയല്‍ എന്‍ഫീല്‍ഡിന്റെ 2019-ലെ പ്രധാന ലോഞ്ചുകളാണ് ബുള്ളറ്റ് സ്‌ക്രാംബ്ലര്‍ 350, 500 മോഡലുകള്‍. അവതരിപ്പിക്കുന്നതിന് മുമ്പായുള്ള പരീക്ഷണയോട്ടത്തിലാണ് ഈ രണ്ട് കരുത്തന്‍മാരും. സ്‌പോര്‍ട്ടി ഭാവത്തിലുള്ള ഈ ബൈക്കുകള്‍ മാര്‍ച്ച് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് വിവരം.

റോയല്‍ എന്‍ഫീല്‍ഡില്‍ കണ്ട് ശീലിച്ചിട്ടുള്ള പതിവ് ഡിസൈന്‍ ശൈലിയില്‍ നിന്ന് മാറിയാണ് സ്‌ക്രാംബ്ലര്‍ ബൈക്കുകള്‍ ഒരുങ്ങുന്നത്. സ്‌പോര്‍ട്ടി ഭാവം നല്‍കിയിരിക്കുന്നതിനൊപ്പം ഓഫ് റോഡുകളുടെ ഫീച്ചറുകളും നല്‍കിയാണ് ഈ ബൈക്കിനെ പുറത്തിറക്കുന്നത്. 

രണ്ട് ബൈക്കുകള്‍ക്കും വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ഉയരം കൂടിയ ഹാന്‍ഡില്‍ ബാറുമാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം വീതി കുറഞ്ഞ പിന്‍ഭാഗവും കൂടുതല്‍ ഉയരത്തില്‍ നല്‍കിയിരിക്കുന്ന എക്സ്ഹോസ്റ്റ് പൈപ്പും ഡിസൈന്‍ ശൈലിയെ വേറിട്ടതാക്കുന്നു.

Scarmbler350
Image: GaadiWaadi.Com


ഓഫ് റോഡ് യാത്രകള്‍ക്ക് ഉതകുന്ന രീതിയിലുള്ള ടയറുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും അടുത്തിടെ പുറത്തിറങ്ങിയ ഇന്റര്‍സെപ്റ്ററിലേതിന് സമാനമാണ്. ഈ പറഞ്ഞവയാണ് ക്ലാസിക് 500, 350 സ്‌ക്രാംബ്ലറിനെ വ്യത്യസ്തമാക്കുന്നത്. 

ക്ലാസിക് 350-യില്‍ നല്‍കിയിരിക്കുന്ന 346 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാംബ്ലര്‍ 350-യിലും നല്‍കിയിരിക്കുന്നത്. ഇത് 19.8 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകും. 

Scarmbler 500
Image: GaadiWaadi.Com


499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്‌ക്രാംബ്ലര്‍ 500-ലുള്ളത്. ഇത് 27.6 എച്ച്പി കരുത്തും 41.3 എന്‍എം ടോര്‍ക്കുമേകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡുവല്‍ ചാനല്‍ എബിഎസുമായിരിക്കും സ്‌ക്രാംബ്ലര്‍ മോഡലുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.

Content Highlights: Royal Enfield Bullet Trials 350 & 500 Scramblers leaked