സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബിൽ | Photo: Instagram/ royalenfield_4567k
ഇന്ത്യന്‍ നിരത്തുകളില്‍ എണ്ണം പറഞ്ഞ നിരവധി ബൈക്കുകള്‍ ഉണ്ടെങ്കിലും ബുള്ളറ്റിനുള്ള ജനപ്രീതി ഒന്ന് വേറെ തന്നെയാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ആറ് പതിറ്റാണ്ടുകളില്‍ അധികം പാരമ്പര്യം അവകാശപ്പെടാനുള്ള ബുള്ളറ്റ് ബൈക്കുകളുടെ വില ഇപ്പോള്‍ രണ്ട് ലക്ഷത്തിനും മുകളില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 1986-ല്‍ ബുള്ളറ്റ് വാങ്ങിയതിന്റെ ഒരു ബില്ല് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇപ്പോള്‍ ഒരു സൈക്കിളിന് പോലും 20,000-ത്തിന് മുകളില്‍ വിലയാകുന്നുണ്ടെങ്കില് 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുള്ളറ്റിന്റെ വില വെറും 18,700 രൂപയായിരുന്നു എന്നാണ് ഈ ബില്ലിലുള്ളത്. ജാര്‍ഘണ്ഡിലെ ബൊക്കാറോയില്‍ സന്ദീപ് ഓട്ടോ കമ്പനി എന്ന അംഗീകൃത റോയല്‍ എന്‍ഫീല്‍ഡ് ഡീലര്ഷിപ്പിന്റേതായിരുന്നു ഈ ബില്‍. 18,800 രൂപയായിരുന്നു വാഹനത്തിന്റെ വില ഏതാനും ഇളവുകള്‍ ഉള്‍പ്പെടെയാണ് 18,700 ബില്‍ ഒരുക്കിയിട്ടുള്ളത്.
1901 മുതലുള്ള പാരമ്പര്യം അവകാശപ്പെടാനുള്ള വാഹന നിര്‍മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍, 1955-ലാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് മദ്രാസ് മോട്ടോഴ്സുമായി സഹകരിച്ച് ഇന്ത്യയില്‍ പ്രവേശിക്കുന്നത്. അടുത്ത വര്‍ഷം തന്നെ തമിഴ്നാട്ടിലെ തിരുവട്ടിയൂരിലെ പ്ലാന്റില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയുടെ ആദ്യ 350 സി.സി. ബുള്ളറ്റ് നിരത്തുകളില്‍ എത്തുകയായികരുന്നു. ഈ പ്രതാപം ഇന്നും തുടരുകയാണ്.
സാധാരണ ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇടത് വശത്ത് ബ്രേക്കും വലത് വശത്ത് ഗിയറുമായിരുന്നു ബുള്ളറ്റിനെ വേറിട്ട് നിര്‍ത്തിയിരുന്നത്. എന്നാല്‍, കാലങ്ങള്‍ക്കിപ്പുറം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. ആദ്യ കാലഘട്ടങ്ങളില്‍ ആംബിയര്‍ കൃത്യമാക്കി കിക്കര്‍ ചവിട്ടി വളരെ പാടുപ്പെട്ട് ബുള്ളറ്റ് ഇപ്പോള്‍ സെല്‍ഫ് സ്റ്റാര്‍ട്ട് ഉള്‍പ്പെടെയുള്ള നിരവധി സംവിധാനങ്ങളും നല്കി കഴിഞ്ഞു.
350 സി.സി. ബുള്ളറ്റ് എന്ന ഒറ്റ മോഡലില്‍ ഇന്ത്യയില്‍ ആരംഭിച്ച പ്രയാണം ഇന്ന് എട്ട് മോഡലുകളായി വളരുകയും ചെയ്തിട്ടുണ്ട്. 350 സി.സി, 411 സി.സി, 650 സി.സി. എന്‍ജിനുകളിലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എത്തുന്നുണ്ട്. സ്റ്റാന്റേഡ്, ക്ലാസിക്, ഹണ്ടര്‍ എന്നീ 350 സി.സി. മോഡലുകളും ഹിമാലയന്‍, സ്ക്രാം എന്നീ 411 സി.സി. മോഡലുകളും ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല് ജി.ടി. എന്നീ 650 സി.സി. മോഡലുകളുമാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. മീറ്റിയോര്‍ 650-യാണ് ഇനി എത്താനുള്ളത്.
Content Highlights: Royal Enfield Bullet Purchase bill in 1986 is viral on social media, Royal Enfield Bullet 350
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..