കേരളത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കുന്ന ജില്ലയാണ് കൊല്ലം. സംസ്ഥാനത്ത് ഏറ്റവുമധികം ബുള്ളറ്റ് ഉള്ളതും ഈ ജില്ലയിലാണ്. കൊല്ലം ജില്ലയുടെ ബുള്ളറ്റ് പ്രേമം പോലെ തന്നെ ലോക പ്രശസ്തമായ ഒരു ബുള്ളറ്റ് മെക്കാനിക്കും ഈ ജില്ലയ്ക്ക് സ്വന്തമായുണ്ട്. കൊല്ലം അമ്മന്‍തട സ്വദേശി പി.തങ്കമണി എന്ന ബുള്ളറ്റ് മണിയാണ് ഈ റോയല്‍ എന്‍ഫീല്‍ഡ് ഡോക്ടര്‍.

ബുള്ളറ്റ് ബൈക്കുകളുമായി 55 വര്‍ഷത്തെ ബന്ധമാണ് മണി ആശാന് അവകാശപ്പെടാനുള്ളത്. അദ്ദേഹത്തിന്റെ കരവിരുതില്‍ രണ്ടര ലക്ഷത്തിലധികം ബുള്ളറ്റുകളാണ് പുതുജീവന്‍ നേടിയിട്ടുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തെ തേടി എത്തുന്ന ബുള്ളറ്റുകള്‍ക്ക് പുറമെ, വിദേശ രാജ്യങ്ങളില്‍ പോലും ബുള്ളറ്റ് മണി ഏറെ പ്രസിദ്ധനാണ്.

റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ബുള്ളറ്റ് മെക്കാനിക്കുകളുടെ കാര്യം പ്രതിപാദിക്കുന്നതില്‍ രണ്ടാം സ്ഥാനം കേരളത്തിന്റെ സ്വന്തം ബുള്ളറ്റ് മണിക്കാണ്. തന്റെ മുന്നിലെത്തുന്ന ബുള്ളറ്റിന്റെ ശബ്ദം കേട്ടാല്‍ തന്നെ ഈ വാഹനത്തിന്റെ പോരായ്മ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലാണ് മണി ആശാനും ബുള്ളറ്റ് ബൈക്കുകളുമായുള്ള അടുപ്പം.

പത്താം വയസിലാണ് മണിക്ക് വാഹനങ്ങളുമായുള്ള ബന്ധം തുടങ്ങുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ വര്‍ക്ക് ഷോപ്പില്‍ സഹായിയായി പോയാണ് ഈ മേഖലയിലേക്കുള്ള ചുവടുവയ്പ്പ്. തുടര്‍ന്ന് കൊല്ലം മരക്കാര്‍ മോട്ടോഴ്‌സില്‍ എത്തിയതോടെയാണ് ബുള്ളറ്റ് ബൈക്കുകളുമായുള്ള ബന്ധം ആരംഭിക്കുന്നത്. തുടര്‍ന്ന് കമ്പനിയുടെ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയ മണിക്ക് സര്‍വീസ് പോയന്റും അനുവദിച്ചു.

ബുള്ളറ്റ് മണിയുടെ ഖ്യാതി ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തുള്ള ബുള്ളറ്റ് പ്രേമികള്‍ക്കിടയിലും പ്രസിദ്ധമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും ബുള്ളറ്റ് സര്‍വീസിനായി അദ്ദേഹത്തെ സമീപിക്കുന്നവരുണ്ട്. ബുള്ളറ്റ് നന്നാക്കുന്നതിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് സൈനിക ക്യാമ്പുകളില്‍ പോലും മണി ആശാനെ ബുള്ളറ്റ് നന്നാക്കുന്നതിനായി കൊണ്ടുപോകാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

Content Highlights: Royal Enfield Bullet Mechanic Mani Form Kollam