ന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ ശ്രേണിയിലെ രാജകീയ സാന്നിധ്യമായ റോയല്‍ എന്‍ഫീല്‍ഡ് പൊതുജനങ്ങള്‍ക്ക് ബൈക്ക് ഡിസൈൻ ചെയ്യുന്നതിനുള്ള അവസരം ഒരുക്കുന്നു. ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന കാമ്പയിനിലൂടെയാണ് ബൈക്ക് പ്രേമികള്‍ക്ക് വാഹന ഡിസൈനിങ്ങ് ഒരുക്കാനുള്ള അവസരം റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്. 

കമ്പനി അടുത്തിടെ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള ക്രൂയിസര്‍ ബൈക്കായ മെറ്റിയോര്‍ 350-യെ വ്യത്യസ്തമായ രീതിയില്‍ ഡിസൈന്‍ ചെയ്യുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഉപയോക്താക്കളുടെ ക്രീയേറ്റിവിറ്റിയില്‍ പിറക്കുന്ന മെറ്റിയോറിന്റെ വ്യത്യസ്തങ്ങളായ ഡിസൈനുകളാണ് ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡിലൂടെ നിര്‍മാതാക്കള്‍ തേടുന്നത്. 

മോട്ടോര്‍ സൈക്കിള്‍ പ്രേമികളുടെ ക്രീയാത്മകത വര്‍ധിപ്പിക്കുക, ബൈക്ക് ഡിസൈനിങ്ങ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിരിക്കുന്നത്. ഇത്തരം കഴിവുള്ളവര്‍ക്കായി ഒരു പ്ലാറ്റ്‌ഫോം ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും കമ്പനി അറിയിച്ചു. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബേണ്‍വില്ലെ റേസര്‍, എസ്.ജി.411, മിഡാസ് റോയല്‍ എന്നിവ അടക്കമുള്ള ശ്രദ്ധേയമായ മോഡലുകള്‍ ഡിസൈന്‍ ചെയ്യാന്‍ റോയന്‍ എന്‍ഫീല്‍ഡിന്റെ രൂപകല്‍പ്പന പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വാഹന ഡിസൈനിങ്ങ് മേഖലയിലേക്ക് വലിയ സംഭവന നല്‍കാന്‍ സാധിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രതീക്ഷ. 

ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് കാമ്പയിനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസൈനും അതിന്റെ വിശദീകരണവും www.royalenfield.com/in/en/byol/ എന്ന സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. എന്‍ട്രികളില്‍നിന്ന് മികച്ച മൂന്നെണ്ണം വിദഗ്ദ്ധരായ വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കും. വിജയികളായ മൂന്നു പേരെയും കമ്പനിയുടെ ചെന്നൈയിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്ററിലേക്ക് ക്ഷണിക്കുന്നതുമാണ്.

Content Highlights: Royal Enfield Begins Build Your Own Legend Bike Design Campaign