ന്ത്യയിലെ മുന്‍നിര മിഡ്-സൈസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഏതാനും മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നു. അടുത്തിടെ വിപണിയില്‍ എത്തിയ മീറ്റിയോര്‍ 350, ട്വിന്‍സ് മോഡലായ കോണ്ടിനെന്റല്‍ ജി.ടി., ഇന്റര്‍സെപ്റ്റര്‍, ഹിമാലയന്‍ എന്നീ ബൈക്കുകളുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ക്രൂയിസര്‍ ബൈക്ക് ശ്രേണിയില്‍ എത്തിയിട്ടുള്ള മീറ്റിയോറിനാണ് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. 

ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് മീറ്റിയോര്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ഉയര്‍ന്ന വകഭേദമായ  സൂപ്പര്‍നോവയ്ക്ക് 10,048 രൂപയാണ് ഉയര്‍ത്തിയിട്ടുള്ളത്. താഴ്ന്ന വകഭേദങ്ങളായ ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍ എന്നിവയ്ക്ക് യഥാക്രമം 9441 രൂപയും 9556 രൂപയുമാണ് വില ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ 2.16 ലക്ഷം രൂപ മുതല്‍ 2.34 ലക്ഷം രൂപ വരെയാണ് മീറ്റിയോറിന്റെ ചെന്നൈയിലെ ഓണ്‍റോഡ് വില.

റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ ബൈക്കായ ഹിമാലയനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 4614 രൂപ വരെയാണ് ഈ മോഡലിന്റെ വിലയില്‍ വരുത്തിയിട്ടുള്ള വര്‍ധനവ്. വ്യത്യസ്ത നിറങ്ങളുടെ അടിസ്ഥാനത്തില്‍ 4468 രൂപ മുതല്‍ 4614 രൂപ വരെയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ 2.05 ലക്ഷം രൂപ മുതല്‍ 2.13 ലക്ഷം രൂപ വരെയാണ് ഹിമാലയന്റെ ബെംഗളൂരുവിലെ എക്‌സ്‌ഷോറും വില. ജൂലൈ ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും കരുത്തന്‍ മോഡലുകളായ കോണ്ടിനെന്റല്‍ ജി.ടി.650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ വാഹനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. കോണ്ടിനെന്റല്‍ ജി.ടി. 650 മോഡലുകള്‍ക്ക് 6,538 രൂപ മുതല്‍ 6809 രൂപ വരെയാണ് വില ഉയര്‍ത്തിയിട്ടുള്ളത്. അതേസമയം, ഇന്റര്‍സെപ്റ്റര്‍ 650-ന് 6051 രൂപ മുതല്‍ 6486 രൂപ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതാണ് വില വര്‍ധനവിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാഹനം നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റീല്‍ ഉള്‍പ്പെടെയുള്ള വസ്തുകളുടെ വില വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ എന്‍ഫീല്‍ഡിന് പുറമെ, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹോണ്ട കാര്‍സ്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Royal Enfield Announce Price Hike For Meteor 350, Himalayan, 650 Twin Models