റോയൽ എൻഫീൽഡ് മീറ്റിയോർ 350 | Photo: Royal Enfield India
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും പുതിയ തുറുപ്പുചീട്ടാണ് മീറ്റിയോര്‍ 350 എന്ന ക്രൂയിസര്‍ ബൈക്ക്. തണ്ടര്‍ബേഡിന് പകരക്കാരനായെത്തിയ ഈ ബൈക്കിന് മികച്ച സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച ബുക്കിങ്ങ് സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിക്കുകയും ചെയ്ത ഈ വാഹനത്തിന് ആദ്യ വിലവര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന മീറ്റിയോര്‍ 350ന് യഥാക്രമം 1.76 ലക്ഷം, 1.81 ലക്ഷം, 1.90 ലക്ഷം എന്നിങ്ങനെയായിരുന്നു പ്രാരംഭ വില. എന്നാല്‍, പുതിയ പ്രഖ്യാപനം അനുസരിച്ച് അടിസ്ഥാന മോഡലായ ഫയര്‍ബോളിന് 2000 രൂപയും സ്റ്റെല്ലാര്‍, സൂപ്പര്‍നോവ വേരിയന്റുകള്‍ക്ക് 3000 രൂപയും വില ഉയര്‍ത്തിയിട്ടുണ്ട്.
ഫയര്‍ബോളിന് 1.78 ലക്ഷവും സ്റ്റെല്ലാറിന് 1.84 ലക്ഷവും സൂപ്പര്‍നോവക്ക് 1.93 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. മീറ്റിയോറിന്റെ വരവോടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഡിസംബറില്‍ റോയല്‍ എന്‍ഫീല്‍ഡ് നേടിയത്. 63,580 യൂണിറ്റ് മീറ്റിയോര്‍ 350, ക്ലാസിക് 350 എന്നീ ബൈക്കുകളും 5415 650 സി.സി ട്വിന്‍ മോഡലും വിറ്റഴിച്ചിട്ടുണ്ട്.
പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എസ്.ഒ.എച്ച്.സി എന്‍ജിനാണ് മീറ്റിയോറില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 20.2 ബി.എച്ച്.പി പവറും 27 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലായിരിക്കും ഈ ബൈക്കില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. തണ്ടര്‍ബേഡിനെക്കാള്‍ ഉയര്‍ന്ന വീല്‍ബേസ് ഉറപ്പുനല്‍കുന്ന മീറ്റിയോറിന് 191 കിലോഗ്രാമാണ് ഭാരം.
ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്, സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്ജിന് കേസ്, എന്നിവയാണ് മീറ്റിയോറിന്റെ ഡിസൈന്‍ ഹൈലൈറ്റുകള്‍, സെമി ഡിജിറ്റല്‍ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ട്രിപ്പര്‍ നാവിഗേഷന്‍ ഫീച്ചറുകള്‍ മൂന്ന് വേരിയന്റിലും ഒരുങ്ങുന്നുണ്ട്.
Content Highlights: Royal Enfield Announce Price Hike For Meteor 350
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..