റ്റവും കരുത്തുറ്റ എന്‍ജിനില്‍ 750 സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനുള്ള അണിയറ ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ട് നാളു കുറച്ചായി. ഒടുവില്‍ മിലാന്‍ മോട്ടോര്‍ സൈക്കില്‍ ഷോയില്‍ നവംബര്‍ ഏഴിന് 750 സിസി എന്‍ഫീല്‍ഡ് അവതരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇതിന് മുന്നോടിയായി വാഹനത്തിന്റെ എന്‍ജിന്‍ ശബ്ദം വെളിവാക്കുന്ന ടീസര്‍ റോയല്‍ എന്‍ഫീല്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ലാല്‍ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചു. ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഘടിപ്പിച്ച പുതിയ രണ്ട് മോഡലുകള്‍ റേസ് ട്രാക്കിലൂടെ ചീറിപായുന്നതാണ് ടീസറിലുള്ളത്. 

 

07.11.17 #RoyalEnfield #ridepure #EICMA

A post shared by Sid Lal (@sidlal) on

നിലവില്‍ നിരത്തിലുള്ള കോണ്‍ണ്ടിനെന്റല്‍ ജിടി മോഡലിന്റെ അടിസ്ഥാനത്തിലാകും 750 സിസി എന്‍ഫീല്‍ഡ് എന്നാണ് സൂചന. എയര്‍കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനിലിറങ്ങുന്ന ആദ്യ വാഹനമാണിത്. പരമാവധി 50 എച്ച്പി കരുത്തും 60 എന്‍എം ടോര്‍ക്കുമേകുന്നതാകും എന്‍ജിന്‍. അധിക സുരക്ഷ നല്‍കാന്‍ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഉള്‍പ്പെടുത്തിയേക്കും. 

ഐക്കണിക് അമേരിക്കന്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ 2017 സ്ട്രീറ്റ് റോഡിന് മികച്ച എതിരാളിയാകും ഇത്. ഡ്യൂവല്‍ എക്സ്ഹോസ്റ്റ്, ട്വിന്‍-പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഫീച്ചേഴ്‌സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ ലഭ്യമാകു. 

കമ്പനി യൂകെയില്‍ പുതുതായി സ്ഥാപിച്ച ടെക്നിക്കല്‍ സെന്ററിലാണ് ബൈക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിലവില്‍ നിരവധി തവണ 750 സിസി എന്‍ഫീല്‍ഡിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. അടുത്ത വര്‍ഷം തുടക്കത്തില്‍ വാഹനം ഇന്ത്യയിലെത്തും. 3.5 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. 

Content Highlights: 750cc Royal Enfield, Royal Enfield 750, 2017 EICMA, New Royal Enfield, 750cc Royal Enfield Sound, Siddhartha Lal, Royal Enfield