ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പിനു ശേഷം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ കരുത്തനില്‍ കരുത്തനായ 750 സിസി മോഡല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിരത്തിലെത്താനൊരുങ്ങുന്നു. ഐഷര്‍ മോട്ടോഴ്‌സിന്റെ ഇരുചക്ര വാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി വികസിപ്പിച്ചെടുത്ത ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഈ കരുത്തന് ശക്തി പകരുക. കമ്പനി യുകെയില്‍ പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററിലാണ് ബൈക്ക് നിര്‍മിക്കുന്നത്.
നിലവില്‍ കോണ്‍ടിനെന്റല്‍ ജിടിയില്‍ പുതിയ എഞ്ചിന്‍ ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തുകയാണ് എന്‍ഫീല്‍ഡ്. ഇതിന്റെ തന്നെ വകഭേദമായി പുതിയ ബൈക്ക് വിപണിയിലെത്താനാണ് സാധ്യത. ഓപ്ഷണല്‍ എബിഎസിനൊപ്പം അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന ബൈക്കില്‍ ഏകദേശം 45 മുതല്‍ 50 ബിഎച്ച്പി വരെ കരുത്തും 60 മുതല്‍ 70 എന്‍എം വരെ ടോര്‍ക്കുമാണ് എഞ്ചിന്‍ ഉല്‍പാദിപ്പിക്കുക. 160 കിലോ മീറ്ററായിരിക്കും പരമാവധി വേഗത.
750 സിസി എന്‍ഫീല്‍ഡ് നിരത്തിലെത്തുന്നതോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണ്‍വില്ല എന്നീ ബൈക്കുകളാണ് തിരിച്ചടി നേരിടുക. യൂറോപ്യന്‍ വിപണിയും മുന്നില്‍കണ്ടു നിര്‍മിക്കുന്ന 750 സിസി ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായേക്കും. ഏകദേശം 3-4 ലക്ഷം വരെയായിരിക്കും വിപണി വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അവസാന രണ്ടു മാസത്തില്‍ 30 ശതമാനത്തിലേറെ വില്‍പനയാണ് കമ്പനി സ്വന്തമാക്കിയത്.
ഇതിനൊപ്പം രാജ്യത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാം നിര്‍മാണശാല അടുത്ത വര്‍ഷം ചെന്നൈയ്ക്കടുത്ത് വള്ളംവടഗലില്‍ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൂന്നാമത്തെ ശാല പ്രവര്‍ത്തനക്ഷമമാവുന്നതോടെ കമ്പനിയുടെ പ്രതിമാസ ഉല്‍പാദനശേഷിയില്‍ 25,000-30,000 യൂണിറ്റിന്റെ വര്‍ധന നേടാനാവുമെന്ന് ഐഷര്‍ മോട്ടോഴ്‌സിന്റെ പ്രതീക്ഷ.
ഫോട്ടോ: motorcyclesnews.com