റ്റവും കരുത്തുറ്റ 650 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ ഇരട്ടകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നു. 2018 നവംബറില്‍ പുറത്തിറങ്ങിയ 650 സിസി ഇരട്ടകളുടെ വില്‍പന ഒരു കലണ്ടര്‍ മാസത്തില്‍ ആദ്യമായി 1000 യൂണിറ്റ് പിന്നിട്ടു. കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1069 യൂണിറ്റ് 650 സിസി ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. 

2018 നവംബറില്‍ 325 യൂണിറ്റും ഡിഡംബറില്‍ 629 യൂണിറ്റുമായിരുന്നു വില്‍പന. ജനുവരി വരെയുള്ള കണക്കുപ്രകാരം ആകെ 2023 യൂണിറ്റ് 650 ബൈക്കുകള്‍ കമ്പനി നിരത്തിലെത്തിച്ചിട്ടുണ്ട്. കയറ്റുമതി യുണിറ്റുകള്‍ ഉള്‍പ്പെടാത്ത കണക്കാണിത്. കഫേ റേസര്‍ പതിപ്പായ കോണ്ടിനെന്റല്‍ ജിടിയെക്കാള്‍ ക്ലാസിക് റോഡ്‌സ്റ്ററായ ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 

നിലവില്‍ ചെന്നൈ പ്ലാന്റില്‍നിന്ന് മാസംതോറും ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നിവയുടെ 2000-2500 യൂണിറ്റുകളാണ് നിര്‍മിക്കുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ മാര്‍ച്ച് അവസാനത്തോടെ നിര്‍മാണം 4500-5000 യൂണിറ്റാക്കി ഉയര്‍ത്തുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. 

47 ബിഎച്ച്പി പവറും 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതലും കോണ്ടിനെന്റല്‍ ജിടി 650-ക്ക് 2.65 ലക്ഷം രൂപ മുതലുമാണ് എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളാണ് രണ്ട് മോഡലിനുമുള്ളത്. 

Content Highlights; Royal Enfield 650 Twins Cross 1,000 Unit Sales For The First Time