ന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാനെത്തിയിട്ടുള്ള ഒലയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ഒല പുറത്തിറക്കിയിട്ടുള്ള എസ് 1, എസ് 1 പ്രോ എന്നീ രണ്ട് മോഡലുകളുടെ വിതരണമാണ് ആരംഭിച്ചിട്ടുള്ളത്. രാജ്യത്തിലെ വിവിധ മേഖലയില്‍ വാഹനം വിതരണം ചെയ്‌തെങ്കിലും ഒലയുടെ ആസ്ഥാനമായ ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങളിലെ ആദ്യ 100 വിതരണങ്ങള്‍ വലിയ ആഘോഷ പരിപാടികളായാണ് ഒല നടത്തിയത്. 

ഒലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഒരു വിപ്ലവത്തിന്റെ തുടക്കമാണെന്ന്‌ ഒല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ വരുണ്‍ ദൂബെ അഭിപ്രായപ്പെട്ടു. യാതൊരു തടസവുമില്ലാതെ സമയബന്ധിതവും സൗകര്യപ്രദവുമായി വാഹനം ഉപയോക്താക്കളിലെത്തിക്കാനുള്ള സംവിധാനമാണ് ഒല ഒരുക്കിയിട്ടുള്ളത്. ഒലയുടെ സ്‌കൂട്ടര്‍ ബുക്കു ചെയ്തവര്‍ക്കെല്ലാം സമയബന്ധിതമായി വിതരണം ചെയ്യാനും നിര്‍മാണം ഉയര്‍ത്താനും കമ്പനി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Ola Electric

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ് ഇരുചക്ര വാഹന ഫാക്ടറിയായ ഓലയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒല എസ് 1 സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം ഒരു കോടി സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ വാഹന നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് സ്ത്രീകളാണെന്നതും ഒലയുടെ സവിശേഷതയാണ്. പതിനായിരത്തോളം സ്ത്രീകളാണ് ഒലയുടെ ഈ വാഹന നിര്‍മാണ പ്ലാന്റില്‍ ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് ഇലക്ട്രിക് വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനുറച്ച് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. അവതരണത്തിന് മുമ്പ് തന്നെ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ബുക്കിങ്ങും തുറന്നിരുന്നു. 499 രൂപ അഡ്വാന്‍സ് തുക ഈടാക്കി ആരംഭിച്ച ബുക്കിങ്ങും റെക്കോഡുകള്‍ ഭേദിക്കുന്നതായിരുന്നു. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ട്  വാഹനത്തിന്റെ വിതരണം വൈകി.

Ola Electric

എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോ മീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോ മീറ്റര്‍ വേഗത കൈവരിക്കും. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്.

Content Highlights: Ride the Revolution Home, Ola S1 deliveries begin from today, Ola S1, Ola S1 Pro

Content Highlights: Ride the Revolution Home, Ola S1 deliveries begin from today, Ola S1, Ola S1 Pro