രാജ്യത്തെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു. ഈ വര്‍ഷം ജൂണിലാണ് റിവോള്‍ട്ട് ഇ-ബൈക്ക് പുറത്തിറങ്ങുക. കമ്പനിയുടെ ചീഫ് ഡിസൈനര്‍ ശിവാം ശര്‍മ്മ ആറ് മാസം സമയമെടുത്താണ് ഈ ഡിസൈന്‍ സ്‌കെച്ച് പൂര്‍ത്തിയാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇതിന്റെ പരീക്ഷ ഓട്ട ചിത്രങ്ങളും ചില ഓട്ടോ വെബ്‌സെറ്റുകാരുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. 

സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്‌റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവയോടെയാണ് റിവോള്‍ട്ടിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് എത്തുക. പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ അതേ സ്ഥാനത്താണ് ഇതിലെ ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. മുന്നില്‍ അപ്‌സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്‌പെന്‍ഷന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും വാഹനത്തിലുണ്ടാകും. 4 ജി സിം വഴി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും കമ്പനി ഒരുക്കും. 

ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ആവശ്യാനുസരണം എടുത്തമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാകും ഇതില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഒറ്റചാര്‍ജില്‍ ഏകദേശം 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇ-ബൈക്കുകള്‍ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്കും റിവോള്‍ട്ട് വിപണനം വ്യാപിപ്പിക്കും. കമ്പനിയുടെ മനേശ്വര്‍ പ്ലാറ്റിലാണ് റിവോള്‍ട്ട് ബൈക്കുകളുടെ നിര്‍മാണം നടക്കുന്നത്. പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ പ്ലാന്റിന്. 

REVOLT
Coutesy; Thurstzone

Content Highlights; Revolt Intellicorp's first electric motorcycle design sketch out