റിവോൾട്ട് ആർ.വി.400 | Photo:Revolt Motors
വൈദ്യുത ബൈക്കുകളുടെ നിര്‍മാതാക്കളായ റിവോള്‍ട്ട് മോട്ടോഴ്സ് കേരളത്തില്‍ രണ്ട് ഷോറൂമുകള്‍ ആരംഭിച്ചു. കൊച്ചിയില്‍ പാലാരിവട്ടം ഓവര്‍ബ്രിഡ്ജിന് സമീപവും തൃശ്ശൂരില്‍ പുഴയ്ക്കലുമാണ് ഇത്. ഇതോടെ, കമ്പനിയുടെ ഷോറൂമുകളുടെ എണ്ണം 25 ആയി. വാഹനവില്പ്പനരംഗത്തെ മുന്‍നിര സ്ഥാപനമായ നിപ്പോണ്‍ ഗ്രൂപ്പിന് കീഴിലുള്ള ആസ്ട്രോണ്‍ ആണ് റിവോള്‍ട്ടിന്റെ കേരളത്തിലെ ഡീലര്‍മാര്‍.
ഷോറൂമുകളുടെ എണ്ണം ഈ വര്‍ഷംതന്നെ നാല്‍പ്പതായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് റിവോള്‍ട്ട് മോട്ടോഴ്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ രാഹുല്‍ ശര്‍മ പറഞ്ഞു. നിര്‍മിതബുദ്ധി (എ.ഐ.)യില്‍ അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കുകളാണ് റിവോള്‍ട്ടിന്റേത്. നിലവില്‍ 'ആര്.വി.400' എന്ന ഒരൊറ്റ മോഡലാണ് ഉള്ളത്. വൈകാതെ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ധനവില റെക്കോഡ് ഉയരത്തിലെത്തിനില്ക്കുന്നതിനാല് പെട്രോള്‍ ബൈക്കുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറുകയാണ്. ഇതിനൊപ്പം, വൈദ്യുതവാഹനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ നല്കുന്ന ഇളവുകൂടിയാകുന്നതോടെ വാഹനപ്രേമികള്‍ ഇലക്ട്രിക് ബൈക്കുകളിലേക്ക് നീങ്ങുകയാണെന്നും രാഹുല്‍ ശര്‍മ പറഞ്ഞു.
ഇലക്ട്രിക് സ്കൂട്ടറുകള് പലയിടത്തും തീപിടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങളുടെ വാഹനങ്ങള്‍ രണ്ടുവര്‍ഷമായി വിപണിയിലുണ്ടെന്നും വേനലിലും തണപ്പുകാലത്തുമൊക്കെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം മറുപടി നല്കി.
വൈദ്യുതവാഹനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ടാണ് റിവോള്‍ട്ടിന്റെ ഡീലര്‍ഷിപ്പ് എടുത്തിരിക്കുന്നതെന്ന് നിപ്പോണ്‍ ഗ്രൂപ്പ് ചെയര്മാന് ബാബു മൂപ്പന് പറഞ്ഞു. കാര്‍, വാണിജ്യവാഹനം എന്നീ മേഖലകളിലുണ്ടാക്കിയ നേട്ടം ഇരുചക്രവാഹന വിപണിയിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..