ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ഇന്ത്യന്‍ നിരത്തിലെത്താനൊരുങ്ങുന്ന റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എആര്‍എഐ) സാക്ഷ്യപ്പെടുത്തി.

മൈക്രോമാക്സിന്റെ സഹ സ്ഥാപകനായ രാഹുല്‍ ശര്‍മയാണ് റിവോള്‍ട്ട് ഇന്റലികോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സംവിധാനത്തോടെയുള്ള ബൈക്ക് നിരത്തിലെത്തിക്കുന്നത്.  

നിര്‍മാണം പൂര്‍ത്തിയായി വാഹനത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിനാണ് എആര്‍എഐ പരിശോധന നടത്തിയത്. ഈ ബൈക്ക് ജൂണില്‍ നിരത്തിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇതിനിടെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

ചിത്രങ്ങള്‍ പ്രകാരം ഹെക്സഗണല്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ സഹിതം സ്പോര്‍ട്ടി രൂപഘടനയാണ് റിവോള്‍ട്ടിന്റെ ആദ്യ ഇ-ബൈക്കിനുള്ളത്. 

വാഹനത്തില്‍ നല്‍കിയ 4 ജി സിം വഴിയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ റൈഡര്‍ക്ക് ഉപയോഗപ്പെടുത്താവുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള കൂടുതല്‍ ഫീച്ചേഴ്സ് ലോഞ്ചിങ് വേളയിലേ അറിയാനാകു.

ആദ്യ മോഡലിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ആവശ്യാനുസരണം എടുത്തമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാകും ഇതില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും.

Content Highlights: Revolt Electric Bike Range Revealed By ARAI