ലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ മോഡല്‍ ജൂണ്‍ 18-ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ രാജ്യത്തെത്തുന്ന ആദ്യ ഇലക്ട്രിക് മോഡലാണിത്. നേരത്തെ ഒരു ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടതിന് പുറമേ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ്‌ സംബന്ധിച്ച വിവരങ്ങളൊന്നും റിവോള്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ആദ്യ റിവോള്‍ട്ട് മോഡലിന് സാധിക്കും. സ്‌പൈ ചിത്രങ്ങള്‍ പ്രകാരം ഹെക്‌സഗണല്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ സഹിതം സ്‌പോര്‍ട്ടി രൂപഘടനയിലാണ് ഇലക്ട്രിക് ബൈക്ക്. പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ സ്ഥാനത്താണ് ഇതിലെ ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. 4 ജി സിം വഴിയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ റൈഡര്‍ക്ക് ഉപയോഗപ്പെടുത്താവുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള കൂടുതല്‍ ഫീച്ചേഴ്‌സ് ലോഞ്ചിങ് വേളയിലേ അറിയാനാകു. 

ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ആവശ്യാനുസരണം എടുത്തമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാകും ഇതില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും. കമ്പനിയുടെ മനേശ്വര്‍ പ്ലാറ്റിലാണ് നിര്‍മാണം നടക്കുന്നത്. പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ പ്ലാന്റിന്. 

Content Highlights; Revolt, Revolt Electric Bike, Revolt Intellicorp