മൈക്രോമാക്‌സിന്റെ സഹ സ്ഥാപകനായ രാഹുല്‍ ശര്‍മ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് കടക്കുന്ന പ്രഖ്യാപനം ദിവസങ്ങള്‍ക്ക് മുമ്പാണ് നടത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) സംവിധാനത്തോടെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഗുരുഗ്രാമില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. 

ചിത്രങ്ങള്‍ പ്രകാരം ഹെക്‌സഗണല്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ സഹിതം സ്‌പോര്‍ട്ടി രൂപഘടനയാണ് റിവോള്‍ട്ടിന്റെ ആദ്യ ഇ-ബൈക്കിനുള്ളത്. വാഹനത്തില്‍ നല്‍കിയ 4 ജി സിം വഴിയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ റൈഡര്‍ക്ക് ഉപയോഗപ്പെടുത്താവുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള കൂടുതല്‍ ഫീച്ചേഴ്‌സ് ലോഞ്ചിങ് വേളയിലേ അറിയാനാകു. ഈ വര്‍ഷം ജൂണില്‍ ബൈക്ക് വിപണിയിലെത്തുമെന്നാണ് സൂചന. 

ആദ്യ മോഡലിന്റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ആവശ്യാനുസരണം എടുത്തമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാകും ഇതില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഒറ്റചാര്‍ജില്‍ ഏകദേശം 150 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇ-ബൈക്കുകള്‍ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി മറ്റു സംസ്ഥാനങ്ങളിലേക്കും റിവോള്‍ട്ട് വിപണനം വ്യാപിപ്പിക്കും. 

ഒരു ലക്ഷത്തിലേറേ സ്‌ക്വയര്‍ ഫീറ്റിലുള്ള കമ്പനിയുടെ മനേശ്വര്‍ പ്ലാറ്റിലാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണം നടക്കുന്നത്. പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് ഈ പ്ലാന്റിന്. 

Content Highlights;Revolt AI-enabled electric motorcycle spied ahead of launch