റിവോൾട്ട് ഇലക്ട്രിക് ബൈക്ക് | Photo: Revolt Motors
ഒരു വാഹനം അതിന്റെ പകുതി വിലയില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെ ഇരിക്കും. അല്ലെങ്കില്‍ യഥാര്‍ഥ വിലയുടെ പകുതി ഓഫറായി ലഭിച്ചാലോ.? വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും, എന്നാല്‍ സാധ്യമാണെന്ന് തെളിയിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ റിവോര്‍ട്ട്. ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക് ബൈക്കിന്റെ വിലയുടെ പകുതിയും ഓഫറായി ലഭിക്കുമെന്നാണ് സൂചന.
ഗുജറാത്തില്‍ പ്രഖ്യാപിച്ച ഇലക്ട്രിക് നയം അനുസരിച്ച് സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ ഇലക്ട്രിക് വാഹനങ്ങള്‍ക്കും കിലോവാട്ടിന് 10000 രൂപ എന്ന നിലയില്‍ സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ ഇനത്തിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. 3.2 കിലോവാട്ട് ബാറ്ററിയാണ് റിവോള്‍ട്ട് ആര്.വി.400-ല്‍ നല്‍കിയിട്ടുള്ളത്. റിവോള്‍ട്ട് ബൈക്കുകള്‍ക്ക് കുറഞ്ഞത് 20,000 രൂപ എങ്കിലും ഈ സംസ്ഥാനത്തെ ഇലക്ട്രിക് നയം പ്രകാരം ലഭിക്കും. ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.
ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കിലോവാട്ടിന് 15,000 രൂപയുടെ സബ്സിഡിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് അനുസരിച്ച് റിവോള്‍ട്ട് ബൈക്കിന് 48000 രൂപ വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ആനുകൂല്യങ്ങള്‍ ചേര്‍ത്താല്‍ റിവോള്‍ട്ട് ബൈക്കിന് 68000 രൂപയോളം ആനുകൂല്യം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിനായി 870 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.
റിവോള്‍ട്ടിന്റെ വാഹന വില്‍പ്പന ആരംഭിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 2020 ഫെബ്രുവരിയിലാണ് റിവോള്‍ട്ട് ഗുജറാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച സ്വീകാര്യതയാണ് റിവോള്‍ട്ടിന് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. അതേസമയം, ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയവും അതില്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡിയും മറ്റ് ഇളവുകളും ഇലക്ട്രിക് വാഹന വില്‍പ്പനയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
ഗുജറാത്ത് സര്‍ക്കാരിന് പുറമെ, ഡല്‍ഹി സര്‍ക്കാരും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മികച്ച ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കിലോവാട്ടിന് 5000 രൂപയോ, ബൈക്കിന് 16200 രൂപയോ ആണ് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡി. മേഘാലയില്‍ റിവോള്‍ട്ടിന്റെ ഒരു ബൈക്കിന് 32,000 രൂപ വരെ സബ്സിഡി ലഭിക്കുന്നുണ്ട്. ബീഹാര്‍ സര്‍ക്കാരും സബ്സിഡി നല്‍കുന്നുണ്ടെന്നാണ് വിവരം. തെലുങ്കാന, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ റോഡ് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: RattanIndia’s Revolt Motors welcomes Gujarat Electric Vehicle Policy 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..