അപ്രീലിയ RS250, രാഹുൽ ഗാന്ധി | Photo: Facebook/Carbon's heart, PTI
രാഹുല്‍ ഗാന്ധിയെ ഒരു രാഷ്ട്രീയ നേതാവിനപ്പുറം ഒരു വാഹനപ്രേമിയായി അറിയുന്ന ആളുകള്‍ ചുരുക്കമായിരിക്കും. എന്നാല്‍, മോട്ടോര്‍സൈക്കിളുകളെ ഇഷ്ടപ്പെടുന്ന ആളാണ് താന്‍ എന്നാണ് അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പുതിയ ഫോര്‍ സ്‌ട്രോക്ക് ബൈക്കുകളെക്കാള്‍ മുമ്പ് നിരത്തുകള്‍ ഭരിച്ചിരുന്ന ടൂ സ്‌ട്രോക്ക് എന്‍ജിന്‍ ബൈക്കുകളോടാണ് അദ്ദേഹത്തിന്റെ കൂടുതല്‍ താത്പര്യമെന്നാണ് ഭാരത് ജോഡോ യാത്രയ്ക്കിടെ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
പുതുതലമുറ ആര്‍1 ബൈക്കിനെക്കാള്‍ താന്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് പഴയ ലാംബ്രെട്ട സ്‌കൂട്ടറാണെന്നാണ് അദ്ദേഹം പറയുന്നത്. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളും ആ സ്‌കൂട്ടര്‍ ഉപയോഗിച്ചിട്ടുള്ളവരാണ്. എന്നാല്‍, ഇപ്പോള്‍ അത്തരം സ്‌കൂട്ടറുകള്‍ വളരെ വിരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതലമുറ ബൈക്കുകള്‍ ഓടിക്കുന്നതിനെക്കാള്‍ അല്‍പ്പം പ്രയാസമാണ് ഇത്തരം സ്‌കൂട്ടര്‍ ഓടിക്കാന്‍. അതുതന്നെയാണ് അവയുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ യുവാക്കാള്‍ ഏറെ ഇഷ്ടപ്പെടുന്ന ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡിന്റേത്. എന്നാല്‍, എനിക്ക് ബുള്ളറ്റുകളെക്കാള്‍ താത്പര്യം പഴയ യമഹ ആര്‍.ഡി.350 ആയിരുന്നെും അദ്ദേഹം പറഞ്ഞു. ആ ബൈക്കിന്റെ കരുത്ത് ഉള്‍പ്പെടെയുള്ളവ ഏറ്റവും മികച്ചതായിരുന്നു. എന്നാല്‍, ഈ കരുത്ത് തന്നെ പലപ്പോഴും അപകടത്തിന് കാരണമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബൈക്ക് ഓടിക്കുന്നതിനും ഞാന്‍ ഇഷ്ടപ്പെടുന്നത് സൈക്കിളാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍, താന്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബൈക്ക് അപ്രീലിയ 250 എന്ന മോഡലാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ലണ്ടനിലെ പഠന കാലത്തും ജോലി ചെയ്തിരുന്ന സമയത്തും താന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് അപ്രീലിയ 250 ആയിരുന്നു. അതിലെ ടൂ സ്‌ട്രോക്ക് എന്‍ജിന്‍ നല്‍കുന്ന പവറാണ് താന്‍ ആ ബൈക്കിനെ ഇഷ്ടപ്പെടാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. 55 ബി.എച്ച്.പി. പവറായിരുന്നു ആ ബൈക്കിന് ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഇപ്പോഴും സ്വന്തമായി ഒരു കാറില്ല, തന്റെ യാത്രകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിട്ടുള്ള കാറുകളില്‍ മാത്രമാണ് യാത്ര ചെയ്യാറുള്ളത്. ഡ്രൈവ് ചെയ്യുന്നതും വളരെ കുറച്ച് മാത്രമാണ്. കുറച്ച് വര്‍ഷം മുമ്പ് വരെ തന്റെ അമ്മയുടെ ഹോണ്ട സി.ആര്‍.വി. കാര്‍ ഓടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഡ്രൈവ് ചെയ്യുന്നത് ഇഷ്ടമാണെങ്കിലും വാഹനത്തില്‍ യാത്ര ചെയ്യുന്നതാണ് ഇപ്പോള്‍ കൂടുതല്‍ ആസ്വദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈക്കിളിങ്ങ് ഒരു ഹോബിയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷ പ്രശ്‌നങ്ങള്‍ അതിനും തടസമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
Content Highlights: Rahul Gandhi reveals his bike passion and favorite two wheeler, Rahul Gandhi, bharat jodo yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..