സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ യമഹ അവതരിപ്പിച്ച വൈഇസഡ്എഫ്-ആര്‍3 ബൈക്കുകള്‍ കമ്പനി തിരിച്ച് വിളിക്കുന്നു. റേഡിയേറ്റര്‍ ഹോസിലും ടോര്‍ഷന്‍ സ്പ്രിങ്ങിലും കണ്ടെത്തിയ തകരാറിനെ തുടര്‍ന്നാണ് 1874 വാഹനങ്ങള്‍ തിരിച്ച് വിളിച്ചിട്ടുള്ളത്. 

2015 ജൂലൈ മുതല്‍ 2018 മേയ് മാസം വരെ നിര്‍മിച്ച് ഇന്ത്യയിലും വിദേശത്തുമായി വിറ്റഴിച്ച 1874 വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ ബൈക്കുകള്‍ തൊട്ടടുത്തുള്ള യമഹ ഡീലര്‍ഷിപ്പിലെത്തിച്ച് തകരാര്‍ പരിഹരിക്കണമെന്നാണ് യമഹ അറിയിച്ചിട്ടുള്ളത്. 

യമഹ YZF-R3 ബൈക്കിന്റെ റേഡിയേറ്ററില്‍ നിന്ന് കൂളന്റ് ലീക്ക് ചെയ്യുന്നതും ടോര്‍ഷന്‍ സ്പ്രിങ് വലുതാകുന്നതും സംബന്ധിച്ച പരാതികള്‍ പല കോണില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനി ഈ ബൈക്കുകള്‍ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്. തകരാര്‍ കണ്ടെത്തിയ ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

321 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എന്‍ജിനാണ് ഈ സ്‌പോര്‍ട്‌സ് ബൈക്കിന് കരുത്തുപകരുന്നത്. ഇത് 41 ബിഎച്ച്പി കരുത്തും 29.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുന്ന ഈ ബൈക്കിന് 3.48 ലക്ഷം രൂപയാണ് വില.

Content Highlights: Radiator Hose Defect; Yamaha YZF-R3 Recalled In India