ന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും തമ്മിലുള്ള കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. ഈ കൂട്ടുകെട്ടിലുള്ള ആദ്യ മോഡലിന്റെ പ്രോട്ടോ ടൈപ്പിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശനത്തിനെത്താന്‍ വൈകുമെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍, ഇരുകമ്പനികളും ചേര്‍ന്നൊരുക്കുന്ന ബൈക്കിന്റെ പ്രോട്ടോ ടൈപ്പ് മോഡല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ ബൈക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിന്റെ അവതരണം വൈകുകയാണെന്നാണ് ബജാജ് ഓട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ്മ അറിയിച്ചിരിക്കുന്നത്.

2022-ല്‍ ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ബജാജും ട്രയംഫും പദ്ധതി ഒരുക്കിയിരുന്നത്. എന്നാല്‍, ഇത് ആറ് മാസം മുതല്‍ ഒമ്പത് മാസം വരെ നീട്ടി വയ്ക്കുകയാണെന്നും 2023-ല്‍ മാത്രം ഈ ബൈക്കിനെ പ്രതീക്ഷിച്ചാല്‍ മതിയെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ യു.കെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാവിലക്കാണ് വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ ആഗോള വിപണിയില്‍  മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. 250 സി.സി. മുതല്‍ 700 സി.സി. വരെ ശേഷിയുള്ള ബൈക്കുകളുടെ നിര്‍മാണമാണ് ഈ കൂട്ടുക്കെട്ടില്‍ നടക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് എന്‍ട്രി ലെവല്‍ ബൈക്ക് നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ട്രയംഫിന്റെ പ്രധാന നേട്ടം. 

ട്രയംഫ് നിലവില്‍ 675 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളാണ് നിര്‍മിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബൈക്കുകള്‍ കയറ്റിയയയ്ക്കുന്നുണ്ട്.  ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോള ബിസിനസ് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Source: Money Control

Content Highlights: Prototype Model of the Bajaj-Triumph motorcycle ready; Launch Delay