വാങ്ങാന്‍ കാശില്ല, പിന്നെ സ്വന്തമായി നിര്‍മിച്ചു. അങ്ങനെ പുത്തനത്താണി അതിരുമട സ്വദേശി ഫഹദ്ഷയ്ക്ക് സ്വന്തമായി ബൈക്കായി. 15 ദിവസത്തെ കറക്കം, അത്രയും ദിവസത്തെ നിര്‍മാണം, 6,000 രൂപ. ഇത്രയുമാണ് ഒരു ബൈക്കിന്റെ ഉടമയാവാന്‍ ഈ മിടുക്കന് വേണ്ടിവന്നത്.

ആക്രിക്കടകളില്‍നിന്ന് യന്ത്രഭാഗങ്ങള്‍ ശേഖരിച്ചാണ് ഫഹദ്ഷ ബൈക്ക് നിര്‍മിച്ച് കൂട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചത്.

ആദ്യമായി സമീപപ്രദേശങ്ങളിലുള്ള ആക്രിക്കടകള്‍ മുഴുവന്‍ കയറിയിറങ്ങി. മനസ്സിലുള്ള യന്ത്രഭാഗങ്ങള്‍ ഏകദേശം ഒത്തപ്പോള്‍ നിര്‍മാണംതുടങ്ങി. പ്രാഥമികഘട്ടം വിജയിച്ചപ്പോള്‍ ആവേശമായി. പിന്നെ ലക്ഷ്യം നിറവേറ്റുവാനുള്ള കഠിനാദ്ധ്വാനം. 

15 ദിവസത്തിനകം ഈ മിടുക്കന്‍ മനോഹരമായ ബൈക്ക് യാഥാര്‍ത്ഥ്യമാക്കി. പ്ലസ് ടു കഴിഞ്ഞ ഫഹദ്ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങാണ് സ്വപ്നം കാണുന്നത്. മയ്യേരി സൈതാലിക്കുട്ടിയുടെയും ഫാത്തിമ സുഹറയുടെയും മകനാണ് ഫഹദ്ഷ.

Content Highlights: Plus Two Student Make Bike By Spending Rupees 6000