ഇന്ത്യന്‍ നിരത്തില്‍ പുതിയ ഒരു സ്‌കൂട്ടര്‍ ശ്രേണി കൂടി തുറക്കുകയാണ്. മക്‌സി സ്‌കൂട്ടര്‍. വെസ്പയെന്ന മോഡലിന്റെ രണ്ടാം വരവോടെ ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസില്‍ വീണ്ടും ഇടംനേടിയ പിയാജിയോയാണ് അപ്രീലിയ SXR160 എന്ന മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ഈ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ മാസം തന്നെ ആരംഭിച്ചിരുന്നു.
സ്‌കൂട്ടറുകളില്‍ തന്നെ പുതിയ ഒരു സെഗ്മെന്റ് ഒരുക്കുന്ന ഈ വാഹനം 2020-ലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇരുചക്ര വാഹനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുന്ന ഈ സ്‌കൂട്ടര്‍ അവതരണത്തിന് മുന്നോടിയായി അപ്രീലിയ SXR160 ഡീലര്‍ഷിപ്പുകളില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അപ്രീലിയ SXR 160 പിയാജിയോ പ്രദര്‍ശനത്തിനെത്തിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ പ്ലാന്റില്‍ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ മാക്‌സി സ്‌കൂട്ടറായിരിക്കും അപ്രീലിയ SXR 160 എന്നാണ് നിര്‍മാതാക്കളുടെ വാദം.
എല്‍.ഇ.ഡി ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ്, കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇതിലെ ഫീച്ചറുകള്‍. റെഗുലര്‍ സ്‌കൂട്ടറുകളെക്കാള്‍ മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന വാഹനമായിരിക്കും SXR 160. വീതിയും നീളവുമുള്ള സീറ്റുകളും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന റിയര്‍ സസ്പെന്‍ഷനുമാണ് യാത്രാസുഖം ഉറപ്പാക്കുന്നത്.
160 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ മൂന്ന് വാല്‍വ് എന്‍ജിനായിരിക്കും ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് 10.7 ബി.എച്ച്.പി പവറും 11.6 എന്‍.എം ടോര്‍ക്കുമേകും. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക്കാണ്. സുരക്ഷയൊരുക്കുന്നതിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം സിംഗിള്‍ ചാനല്‍ എ.ബി.എസും നല്‍കുന്നുണ്ട്.
Source: NDTV Car and Bike
Content Highlights: Piaggio Aprilia SXR 160 Maxi Scooter Reaches In Dealerships