ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെര്‍ഫോമെന്‍സ് ഇലക്ട്രിക് വാഹന, എനര്‍ജി സിസ്റ്റം സ്റ്റാർട്ടപ്പായ ഓര്‍ക്‌സ എനര്‍ജീസ് ആദ്യ മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ഇന്ത്യ ബൈക്ക് വീക്കില്‍ മാന്റിസ് മോട്ടോര്‍സൈക്കിളാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്. നേക്കഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിത്. അടുത്ത വര്‍ഷം പകുതിയോടെ മാന്റിസ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

അഗ്രസീവ് രൂപമാണ് മാന്റിസിന്റെ പ്രധാന ആകര്‍ഷണം. ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി സീറ്റ്, സ്‌പോര്‍ട്ടി ഫ്യുവല്‍ ടാങ്ക്, ക്ലിപ്പ്‌ ഓണ്‍ ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്‌പോര്‍ട്ടി ഗ്രാഫിക്‌സ്‌ എന്നിവ മാന്റിസ് ഇലക്ട്രിക്കിനെ വ്യത്യസ്തമാക്കും. 

ആറ് യൂണിറ്റുകളായി എടുത്തുമാറ്റാവുന്ന 9 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മാന്റിസിന് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താനും സാധിക്കും. മൂന്നര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാമെന്നും കമ്പനി പറയുന്നു. 25kW പവര്‍ നല്‍കുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. വില അടക്കമുള്ള വാഹനത്തിന്റെ മറ്റ് വിവരങ്ങളൊന്നും ഓര്‍ക്‌സ എനര്‍ജീസ് വ്യക്തമാക്കിയിട്ടില്ല. 

Content Highlights; orxa energies first electric bike mantis unveiled at india bike week