ലക്ട്രിക് സ്‌കൂട്ടറുകളിലെ റേഞ്ചിലും ഫീച്ചറുകളിലും ഒലയ്ക്ക് ഉണ്ടായിരുന്ന മേല്‍കൈ തകര്‍ക്കാന്‍ ബ്രിട്ടണില്‍ നിന്ന് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. വണ്‍ മോട്ടോയുടെ ഇലക്ട എന്ന മോഡലാണ് ഒലയ്ക്ക് വെല്ലുവിളിയായി എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ റേഞ്ചാണ് ഈ ബ്രീട്ടീഷ് സ്‌കൂട്ടര്‍ ഉറപ്പുനല്‍കുന്നത്. അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ വരുന്ന ഇലക്ടയ്ക്ക് രണ്ട് ലക്ഷം രൂപയാണ് വില.

വണ്‍ മോട്ടോ ഇന്ത്യയില്‍ എത്തിക്കുന്ന മൂന്നാമത്തെ മോഡലാണ് ഇലക്ട. ഇക്കഴിഞ്ഞ നവംബറിലാണ് വണ്‍ മോട്ടോയുടെ ആദ്യ മോഡലുകളായ കമ്യൂട്ട, ബൈക്ക എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ബൈക്കുകള്‍ക്ക് യഥാക്രമം 1.30 ലക്ഷം രൂപയും 1.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. റെട്രോ ഡിസൈന്‍ നല്‍കിയിരിക്കുന്നതിലൂടെ നിരത്തുകളിലുള്ള വെസ്പ സ്‌കൂട്ടറുകള്‍ക്ക് സമാനമായ രൂപമാണ് ഇലക്ട ഇ-സ്‌കൂട്ടറിനുള്ളത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ക്രോമിയം ആക്‌സെന്റ്, ക്രോമിയം ആവരണമുള്ള മിറര്‍, വളഞ്ഞ് വരുന്ന ഫുട്ട് ബോര്‍ഡ്, വെസ്പയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ സൈഡ് പാനലുകള്‍, ഫ്‌ളാറ്റായുള്ള സീറ്റ്, ഹെഡ്‌ലൈറ്റിന്റെ ഡിസൈനില്‍ തന്നെ ഒരുങ്ങുന്ന ടെയ്ല്‍ലാമ്പ്, സൈഡ് പാനലില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഇന്റിക്കേറ്ററുകള്‍, മുന്നിലും പിന്നിലും വ്യത്യസ്ത ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകള്‍ എന്നവയാണ് ഇലക്ടയെ അലങ്കരിക്കുന്നത്. 

കണക്ടിവിറ്റി ഇലക്ട്രിക് സ്‌കൂട്ടറായാണ് ഇലക്ട നിരത്തുകളില്‍ എത്തുന്നത്. ജിയോ ഫെന്‍സിങ്ങ്, ബ്ലുടൂത്ത് കണക്ടിവിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്(ഐ.ഒ.ടി) സംവിധാനങ്ങളാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. വണ്‍ മോട്ടോ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് വാഹനത്തെ ഫോണുമായി ബന്ധിപ്പിക്കുന്നത്. മാറ്റ് ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഴിച്ച് മാറ്റാന്‍ സാധിക്കുന്ന 72 വോള്‍ട്ട് 45 ആംപിയര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 3.2KW ബ്രെഷ്‌ലെസ് ഡി.സി.മോട്ടോര്‍ ഹബ്ബും ഇതില്‍ നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുനല്‍കുന്ന ഈ വാഹനത്തിന്റെ ബാറ്ററി നിറയാല്‍ നാല് മണിക്കൂര്‍ സമയമെടുക്കുമെന്നാണ് വിവരം.

Content Highlights: One moto Electa electric scooter launched in india with 150km range and 100 km speed