
ഒല ഇലക്ട്രിക് സ്കൂട്ടർ | Photo: Ola Electric
ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന്റെ സുരക്ഷ സംബന്ധിച്ച് പല കോണുകളില്‍ നിന്നും പരാതികള്‍ ഉയരുമ്പോഴും ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തിലേക്ക് കുതിച്ച് ഒല എസ്1 പ്രോ. ഇലക്ട്രിക് സ്കൂട്ടര്‍ അഗ്നിക്കിരയാകുക,, തനിയെ റിവേഴ്സ് മോഡിലേക്ക് മാറി അപകടമുണ്ടാകുക. ഉറപ്പുനല്കിയിട്ടുള്ള റേഞ്ച് ലഭിക്കാതിരിക്കുക തുടങ്ങിയ നിരവധി പരാതികളാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്ന പരാതികള്‍.
ഏപ്രില്‍ മാസത്തിലെ കണക്ക് അനുസരിച്ച് എസ്1 പ്രോയുടെ 12,683 യൂണിറ്റ് നിരത്തുകളില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മാസത്തെ അപേക്ഷിച്ച് ഏപ്രില്‍ മാസത്തെ വില്‍പ്പനയില്‍ 39 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഒലയുടെ പ്രധാന എതിരാളുകളായ ഹീറോ ഇലക്ട്രിക് 6570 ഇ-സ്കൂട്ടറുകളും ഒഖിനാവ 10,000 ഇലക്ട്രിക് സ്കൂട്ടറുമാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. വാഹന്‍ സൈറ്റല്‍ നല്‍കിയിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷനെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.
സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം നിര്‍മാണത്തെ ബാധിച്ചിട്ടുണ്ടെന്നും ഇതാണ് വില്‍പ്പന കുറയാന്‍ കാരണമെന്നുമാണ് ഹീറോ ഇലക്ട്രിക് അറിയിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളെയും ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. വില്‍പ്പനയിലെ ഈ മന്ദഗതി മെയ് മാസത്തിലും തുടര്‍ന്നേക്കുമെന്നുമാണ് കരുതുന്നത്. നിലവില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്ലാന്റിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് കമ്പനിയെന്നും ഹീറോ ഇലക്ട്രിക് അറിയിച്ചു.
ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഏതാനും പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാഹനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഹീറോ സ്വീകരിക്കുന്നുണ്ട്. സ്കൂട്ടറുകള് അഗ്നിക്കിരയാകുകയും, സ്പീഡ് ബ്രേക്കറിലും മറ്റും ഇടിച്ച് അപകടമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്കൂട്ടറുകളിലെ മാര്‍ക്കറ്റ് മേധാവികള്‍ ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഹീറോ ഇലക്ട്രിക് പരോക്ഷമായി വിമര്‍ശിച്ചു.
എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-നാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടറുകള് മത്സരിക്കുന്നത്.
8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എസ്1-ല്‍ 2.98 kWh ബാറ്ററിപാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററിപാക്കുമാണുള്ളത്. എസ്-1 പ്രോ മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് സ്കൂട്ടറുകളുടെ പ്രത്യേകത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..