ന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ കൊടുങ്കാറ്റായാണ് ഒലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയിട്ടുള്ളത്. രണ്ട് വേരിയന്റുകളുമായെത്തി ബുക്കിങ്ങിലും വില്‍പ്പനയിലും വിതരണത്തിലും റെക്കോഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഒലയുടെ രണ്ടാംഘട്ട വില്‍പ്പന ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 16-ന് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോ വീണ്ടും തുറക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ച് 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ ലഭിച്ചതാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേരില്‍ കുറിച്ച ആദ്യ റെക്കോഡ്.

Ola

പിന്നീട് വില്‍പ്പനയിലും സമാനമായ റെക്കോഡ് സൃഷ്ടിക്കാന്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ പര്‍ച്ചേസ് വിന്‍ഡോ തുറന്നതോടെ രണ്ട് ദിവസത്തെ വില്‍പ്പനയിലൂടെ 1100 കോടി രൂപയാണ് ഒലയുടെ പെട്ടിയില്‍ വീണത്. ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കാനെത്തിയിട്ടുള്ളത്. 

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

Ola Electric

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്.

ഒല ഇലക്ട്രിക് സ്‌കൂട്ടറിലെ അടിസ്ഥാന വകഭേദമായ എസ്-1 അഞ്ച് നിറങ്ങളില്‍ വിപണിയില്‍ എത്തുമ്പോള്‍ ഉയര്‍ന്ന വകഭേദമായ എസ്-1 പ്രോ പത്ത് നിറങ്ങളില്‍ എത്തുന്നുണ്ട്. ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Ola Electric to reopen bookings on December 16, Ola S1, Ola S1 Pro Electric Scooter