ബെംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനിയായ 'ഒല കാബ്സി'ന്റെ കീഴില്‍ ആരംഭിക്കുന്ന 'ഒല ഇലക്ട്രിക് ' ഉടന്‍ ഉത്പാദനം ആരംഭിക്കും. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിച്ചുകൊണ്ടാണ് കമ്പനി വൈദ്യുത വാഹന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തമിഴ്നാട്ടില്‍ 2,400 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങുന്ന ഈ പദ്ധതി 10,000 പേര്‍ക്ക് തൊഴിലവസരമൊരുക്കും. 

അടുത്ത മാസം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള പ്രീ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയിലാകും വില.  ഒലയുടെ മേധാവി ഭാവിഷ് അഗര്‍വാള്‍ ബെംഗളൂരു നഗരത്തിലൂടെ സ്‌കൂട്ടറോടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം ഈ സ്‌കൂട്ടറിന്റെ ഏതാനും ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ട്.

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കിയായിരിക്കും ഒലയുടെ ഇലക്ട്രിക് മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് കമ്പനി മേധാവി ഉറപ്പുനല്‍കുന്നത്. ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റോറേജ് സ്‌പേസ് ഇതില്‍ നല്‍കും. ഊരി മാറ്റാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്ടിവിറ്റി തുടങ്ങിയവ ഈ ഇ-സ്‌കൂട്ടറില്‍ ഉണ്ടാകും.

Ola Electric

ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ മുമ്പേ പുറത്തുവന്നിരുന്നു. മാറ്റ് ബ്ലാക്ക് നിറത്തിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നതെന്നാണ് സൂചന. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്,  അലോയി വീലുകള്‍, നേര്‍ത്ത ഇന്റിക്കേറ്റര്‍ ലൈറ്റ്, പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രാബ് റെയില്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് തുടങ്ങിയവയാണ് ഈ ഇലക്ട്രിക് ബൈക്കിനെ കാഴ്ചയില്‍ സ്റ്റൈലിഷാക്കുന്നത്. 

2400 കോടി രൂപ മുതല്‍മുടക്കിലാണ് ഒലയുടെ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് ഒരുങ്ങുന്നത്. പ്രതിവര്‍ഷം ഒരു കോടി വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. 2000-ത്തോളം ആളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ പ്ലാന്റില്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. രാജ്യത്ത് ഇന്നുള്ള ഏറ്റവും മികച്ച ഗ്രീന്‍ ഫാക്ടറിയായാണ് ഒലയുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതെന്നുമാണ് വിവരം.

Content Highlights: Ola Electric Scooter To Launch Soon, Ola First Electric Scooter