ന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാസ് എന്‍ട്രിക്ക് ഒരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ ഒല. നിരത്തുകളിലുള്ള മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളെക്കാള്‍ അല്‍പ്പം സ്‌പെഷ്യലായിരിക്കും ഈ വാഹനമെന്നാണ് കമ്പനി നല്‍കിയിട്ടുള്ള ഉറപ്പ്. അതുകൊണ്ട് തന്നെ ബുക്കിങ്ങിലും വലിയ കുതിപ്പാണ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ആളുകളാണ് ഈ സ്‌കൂട്ടര്‍ ബുക്കുചെയ്തത്.

എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു വാഹനം വാങ്ങുന്നതിനുള്ള സാമ്പ്രദായിക രീതികളെ പൊളിച്ചെഴുതിയായിരിക്കും ഒല സ്‌കൂട്ടറുകളുടെ വിതരണം എന്നാണ് അറിയുന്നത്. ഷോറൂമുകളിലോ, ഡീലര്‍ഷിപ്പുകളിലോ പോയി വാഹനം സ്വന്തമാക്കുന്ന രീതിക്ക് പകരം സ്‌കൂട്ടര്‍ ബുക്കുചെയ്തിട്ടുള്ള ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ ഇത് എത്തിച്ച് നല്‍കാനാണ് ഒല പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളെ ഒഴിവാക്കി ഉപയോക്താക്കളില്‍ നേരിട്ട് വാഹനമെത്തിക്കുന്നതിനാണ് ഒല ഈ പദ്ധതി പരിഗണിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇടനിലക്കാരെ ഒഴിവാക്കി വാഹന നിര്‍മാതാക്കളും ഉപയോക്താക്കളും നേരിട്ടുള്ള ഇടപാടിന് ഈ രീതി വഴിവെക്കുമെന്നാണ് ഒല പ്രതീക്ഷിക്കുന്നത്. അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഒല ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒല സീരിസ് എസ് എന്നായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര് എന്ന് അഭ്യൂഹങ്ങളുണ്ട്. ജൂലൈ 15-നാണ് ഒല ഈ സ്‌കൂട്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. 499 രൂപ ഈടാക്കി ആരംഭിച്ച ബുക്കിങ്ങ് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പിന്നിടുകയായിരുന്നെന്ന് ഒല അറിയിച്ചു. 

നിലവില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളെക്കാള്‍ മികച്ച മോഡലായിരിക്കും ഇതെന്നാണ് നിര്‍മാതാക്കലുടെ വാദം. മികച്ച സ്പീഡ്, വലിയ ബൂട്ട്സ്പേസ്, നൂതന സാങ്കേതികവിദ്യ എന്നിവയാണ് ഒലയുടെ ഓഫര്‍. ഇതിനുപുറമെ, 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാര്‍ജിങ് ശേഷിയാണ് വാഹനത്തിന്റെ പ്രത്യേകത. 75 കിലോമീറ്റര്‍ ദൂരം ഈ ചാര്‍ജിങ്ങില്‍ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

Source: Firstpost

Content Highlights: Ola Electric Scooter To Be Sold Directly To The Buyers