ന്ത്യയിലെ ലക്ഷകണക്കിന് വരുന്ന വാഹനപ്രേമികള്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവിനായി കട്ടവെയിറ്റിങ്ങാണ്. ബുക്കിങ്ങില്‍ വന്‍ കുതിപ്പ് സമ്മാനിച്ച ഉപയോക്താക്കള്‍ക്ക് നന്ദി അറിയിച്ച് ഈ വാഹനത്തിന്റെ അവതരണത്തിനുള്ള സമയം വെളിപ്പെടുത്തിയിരിക്കുകയാണ് ഒല. സ്വാതന്ത്ര്യ ദിനത്തിന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ് ഒല ഇലക്ട്രിക് മേധാവി അറിയിച്ചിരിക്കുന്നത്. 

ഞങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കുചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഓഗസ്റ്റ് 15-ന് ഒല സ്‌കൂട്ടര്‍ അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന തീയതികളും ഈ അവസരത്തില്‍ വെളിപ്പെടുത്തുമെന്ന് ഒല ഇലക്ട്രിക് സി.ഇ.ഒ. ഭവിഷ് അഗര്‍വാള്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

ജൂലൈ അവസാനത്തോടെയാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചത്. 499 രൂപ അഡ്വാന്‍സ് തുക ഈടാക്കിയുള്ള ബുക്കിങ്ങില്‍ നിര്‍മാതാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ബുക്കിങ്ങ് തുറന്ന് 24 മണിക്കൂറില്‍ ഒരു ലക്ഷം ആളുകളാണ് ഈ വാഹനം സ്വന്തമാക്കുന്നതിനായി മത്സരിച്ച് എത്തിയത്. ഈ സ്‌കൂട്ടറിന്റെ പ്രത്യേകതകളും കമ്പനി ഒരോന്നായി വെളിപ്പെടുത്തിയുരുന്നു.

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ച് നല്‍കിയായിരിക്കും ഒലയുടെ ഇലക്ട്രിക് മോഡല്‍ വിപണിയില്‍ എത്തുകയെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാര്‍ജിങ് ശേഷിയാണ് വാഹനത്തിന്റെ പ്രത്യേകത. 75 കിലോമീറ്റര്‍ ദൂരം ഈ ചാര്‍ജിങ്ങില്‍ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

ആപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റോറേജ് സ്പേസ് ഇതില്‍ നല്‍കും. ഊരി മാറ്റാന്‍ സാധിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്ടിവിറ്റി തുടങ്ങിയ പുതുതലമുറ സംവിധാനങ്ങളും ഈ സ്‌കൂട്ടറില്‍ ഒരുക്കുന്നുണ്ട്. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, അലോയി വീലുകള്‍, നേര്‍ത്ത ഇന്റിക്കേറ്റര്‍ ലൈറ്റ്, തുടങ്ങിയവ ഈ സ്‌കൂട്ടറിനെ കാഴ്ചയില്‍ സ്റ്റൈലിഷാക്കും. 

ആകര്‍ഷകമായ 10 നിറങ്ങളിലാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നാണ് വിവരം. മൂന്ന് പാസ്ടെല്‍, മൂന്ന് മെറ്റാലിക്, മൂന്ന് മാറ്റ് ഫിനീഷിങ്ങിലുള്ളതുമായാണ് 10 നിറങ്ങള്‍ നല്‍കുക. റെഡ്, ബ്ലൂ, യെല്ലോ, പിങ്ക്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ എന്നിവയാണ് പ്രധാനമായും ഒല സ്‌കൂട്ടറുകള്‍ക്ക് നല്‍കുന്ന വര്‍ണങ്ങള്‍. ഇത് മാറ്റ്, മെറ്റാലിക് തുടങ്ങിയ ഫിനീഷിങ്ങില്‍ ലഭ്യമാകും.

Content Highlights: Ola Electric Scooter To Be Launch On August 15