ന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനുറച്ച് എത്തിയ മോഡലുകളാണ് ഒലയുടെ എസ്-1, എസ്-1 പ്രോ എന്നിവ. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനത്തിന്റെ വില്‍പ്പനയ്ക്കുള്ള പര്‍ച്ചേസ് വിന്‍ഡോ ഇന്ന് തുറക്കുമെന്ന് ഒല ഇലക്ട്രിക് അറിയിച്ചു. ലോക ഇലക്ട്രിക് വാഹനദിനത്തിന്റെ മുന്നോടിയായാണ് വില്‍പ്പനയ്ക്കുള്ള സംവിധാനം തുറക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതാണ് ലോക ഇലക്ട്രിക് വാഹനദിനം. ഓണ്‍ലൈനായാണ് ഈ സ്‌കൂട്ടറിന്റെ വില്‍പ്പനയെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

എസ്-1, എസ്-1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും. എസ്-1 പ്രോയാണ് ഒല സ്‌കൂട്ടര്‍ നിരയിലെ ഉയര്‍ന്ന വകഭേദം. അടിസ്ഥാന വേരിയന്റില്‍ നിന്ന് വ്യത്യസ്തമായി വോയിസ് കണ്‍ട്രോള്‍, ഹില്‍ ഹോര്‍ഡ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് എസ്-1 പ്രോയില്‍ നല്‍കിയിട്ടുള്ളത്. 90 കിലോമീറ്റര്‍ പരമാവധി വേഗത എടുക്കാന്‍ കഴിയുന്ന എസ്-1 വേരിന്റിന് 121 കിലോമീറ്റര്‍ റേഞ്ചും 115 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എസ്-1 പ്രോയിക്ക് 181 കിലോമീറ്റര്‍ റേഞ്ചുമാണുള്ളത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ആറര മണിക്കൂറാണ് എടുക്കുന്നത്.

ഒല ഇലക്ട്രിക് സ്‌കൂട്ടറിലെ അടിസ്ഥാന വകഭേദമായ എസ്-1 അഞ്ച് നിറങ്ങളില്‍ വിപണിയില്‍ എത്തുമ്പോള്‍ ഉയര്‍ന്ന വകഭേദമായ എസ്-1 പ്രോ പത്ത് നിറങ്ങളില്‍ എത്തുന്നുണ്ട്. ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. റിവേഴ്സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.

സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് സ്പേസാണ് ഇതിലുള്ളത്. 36 ലിറ്ററാണ് ഈ സ്‌കൂട്ടറിലെ ബൂട്ട് സ്പേസ്. ടൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ ഒരുങ്ങിയിട്ടുള്ള ഒല ഇലക്ട്രിക് സ്‌കൂട്ടറിന് 12 ഇഞ്ച് അലുമിനിയം അലോയി വീലുകളാണ് നല്‍കിയിട്ടുള്ളത്. കോംബി ബ്രേക്ക് സംവിധാനത്തിനൊപ്പം മുന്നില്‍ 220 എം.എം. ഡിസ്‌കും പിന്നില്‍ 180 എം.എം. ഡിസ്‌കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സുരക്ഷ കാര്യക്ഷമമാക്കും.

Content Highlights: Ola Electric Scooter Purchase Window Opens, World Electric Vehicle Day