ന്ത്യന്‍ ഇലക്ട്രിക് വിപണിയില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റുമായി എത്തുകയാണ് 'ഒല' ഇലക്ട്രിക് സ്‌കൂട്ടര്‍. വൈദ്യുത വാഹനങ്ങള്‍ക്ക് ജനപ്രീതി ഉയരുന്ന കാലത്താണ് ഒലയുടെ ഈ വിപ്ലവകരമായ മാറ്റം. വെബ്‌സൈറ്റില്‍ വെറും 500 രൂപ നല്‍കി ബുക്ക് ചെയ്താല്‍ വണ്ടി കൈമാറുമ്പോള്‍ മാത്രം ബാക്കി പണം നല്‍കിയാല്‍ മതി. ഈ ഓഫര്‍ സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ, വണ്ടിയുടെ വിലപ്രഖ്യാപനവും ഒല നടത്തി.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ വകഭേദങ്ങളില്‍ വിപണിയിലെത്തിയ സ്‌കൂട്ടറിന്റെ ഷോറൂം വില 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ്. സെപ്റ്റംബറില്‍ പര്‍ച്ചേസ് വിന്‍ഡോ തുറന്ന രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് ഒലയുടെ പെട്ടിയില്‍ വീണതെന്നാണ് കമ്പനി അറിയിച്ചത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് നേടിയ റെക്കോഡിന് ശേഷം ഒലയെ തേടിയെത്തിയ പുതിയ റെക്കോഡാണ് രണ്ട് ദിവസത്തിലെ ഈ വില്‍പ്പന.

OLA

മികച്ച പെര്‍ഫോമന്‍സ്

എസ് വണ്‍ ഒറ്റച്ചാര്‍ജില്‍ 121 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍, എസ് വണ്‍ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്. എസ് വണ്ണിന്റെ ഉയര്‍ന്ന വേഗം 90 കിലോമീറ്ററും എസ് വണ്‍ പ്രോയുടെത് 115 കിലോമീറ്ററുമാണ്. 8.5 കിലോവാട്ടാണ് സ്‌കൂട്ടറിന്റെ കരുത്ത്. സ്‌കൂട്ടര്‍ വിപണിയിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുമായിട്ടാണ് സീരീസ് വണ്‍ എത്തുന്നത്. 

പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മൂന്ന് സെക്കന്‍ഡും 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ അഞ്ച് സെക്കന്‍ഡും മാത്രം മതി. മൂന്ന് ജി.ബി. റാമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഇന്‍ട്രുമെന്റ് ക്ലസ്റ്ററില്‍. ക്രൂസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഇന്‍ബില്‍റ്റ് സ്പീക്കറുകള്‍, വോയിസ് കണ്‍ട്രോള്‍, പേഴ്‌സണലൈസ് മൂഡ്‌സ് ആന്‍ഡ് സൗണ്ട്, റിവേഴ്‌സ് ഗിയര്‍, ഹില്‍ ഹോള്‍ഡ് തുടങ്ങിയ ഫീച്ചറുകള്‍ സ്‌കൂട്ടറിലുണ്ട്.

Ola Electric

പുത്തന്‍ നിറങ്ങള്‍

പത്ത് നിറങ്ങളിലാണ് എസ് സീരീസ് സ്‌കൂട്ടറുകള്‍ എത്തുന്നത്. പുത്തന്‍ നിറക്കൂട്ടുകളാണ് ഒലയുടെ ചാരുത വര്‍ധിപ്പിക്കുന്നത്. ലാളിത്യം തുളുമ്പുന്നതും വേറിട്ടുനില്‍ക്കുന്നതുമായ രൂപകല്പനാ ശൈലി സമ്മാനിക്കുന്ന കാഴ്ചപ്പകിട്ടിനൊപ്പം എല്‍.ഇ.ഡി. ലൈറ്റിങ് പാക്കേജും വര്‍ണവൈവിധ്യവുമൊക്കെ ചേരുന്നതോടെ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ തരംഗമാവാന്‍ സീരീസ് എസിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒല ഇലക്ട്രിക്.

അരങ്ങേറ്റത്തിന് മുന്നോടിയായി ബുക്കിങ് സ്വീകരിച്ചുതുടങ്ങിയതോടെ തകര്‍പ്പന്‍ വരവേല്‍പ്പാണ് സ്‌കൂട്ടറിന് ലഭിച്ചതെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനകംതന്നെ ഒരു ലക്ഷം യൂണിറ്റ് ബുക്കിങ് പിന്നിട്ടതായും ഒല പ്രഖ്യാപിച്ചിരുന്നു.

Ola Electric

ഏറ്റവുമധികം സംഭരണസ്ഥലം, താക്കോലിന് പകരം മൊബൈല്‍ ആപ്ലിക്കേഷന്‍, ഒറ്റച്ചാര്‍ജില്‍ ഈ വിഭാഗത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന സഞ്ചാര പരിധി (റേഞ്ച്) എന്നിവയൊക്കെയാണ് പുതിയ സ്‌കൂട്ടറില്‍ ഒല വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണ എല്‍.ഇ.ഡി. ലൈറ്റിങ്, ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവയും സ്‌കൂട്ടറിലുണ്ടാവും.

അതിവേഗം ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് സ്‌കൂട്ടറിലെ മറ്റൊരു സവിശേഷത. വെറും 18 മിനിറ്റില്‍ ബാറ്ററി പകുതിയോളം ചാര്‍ജ് ആവുമെന്നാണ് ഒലയുടെ വാഗ്ദാനം. പാതി ചാര്‍ജില്‍ത്തന്നെ 75 കിലോമീറ്റര്‍ ഓടാനും സ്‌കൂട്ടറിനാവും.

Ola

Content Highlights: Ola Electric Scooter Making Success In India, Report Record Sales And Booking