ന്ത്യന്‍ നിരത്തുകളില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂട്ടത്തോടെ എത്താന്‍ ഇനി ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഒലയില്‍ നിന്ന് പുറത്തിറങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളായ എസ്-1, എസ്-1 പ്രോ എന്നീ മോഡലുകള്‍ ഡിസംബര്‍ 15 മുതല്‍ വിതരണം ആരംഭിക്കുമെന്ന് ഒല സി.ഇ.ഒ. ഭവീഷ് അഗര്‍വാള്‍ ട്വിറ്ററില്‍ അറിയിച്ചു. വിതരണത്തിന് ഒരുങ്ങിയിരിക്കുന്ന വാഹനങ്ങളുടെ ചിത്രം ഉള്‍പ്പെടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

സ്‌കൂട്ടറുകള്‍ ഒരുങ്ങി കഴിഞ്ഞു, ഉത്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ വാഹനങ്ങളുടെ വിതരണം ആരംഭിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. നിങ്ങള്‍ കാണിച്ച ക്ഷമയ്ക്ക് നന്ദി എന്ന വാക്കുകളോടെയാണ് ഒല മേധാവി വാഹനങ്ങളുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഒലയുടെ പ്ലാന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒല മുമ്പ് അറിയിച്ചിട്ടുള്ള എല്ലാ നിറങ്ങളിലുമുള്ള വാഹനങ്ങള്‍ ഇവിടെ നിരന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് ഇലക്ട്രിക് വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനുറച്ച് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. അവതരണത്തിന് മുമ്പ് തന്നെ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ബുക്കിങ്ങും തുറന്നിരുന്നു. 500 രൂപ അഡ്വാന്‍സ് തുക ഈടാക്കി ആരംഭിച്ച ബുക്കിങ്ങും റെക്കോഡുകല്‍ ഭേദിക്കുന്നതായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഈ വാഹനത്തിന്റെ വിതരണം വൈകുകയായിരുന്നു.

എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്.

Content Highlights: Ola electric scooter delivery begins from December 15 onwards, Ola S1, Ola S1 Pro