റിസര്‍വേഷന്‍ ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ് നേടി 'ഒല' ഇലക്ട്രിക് സ്‌കൂട്ടര്‍. ജൂലായ് 15 വൈകുന്നേരത്തോടെയാണ് ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിങ് ഒല ആരംഭിച്ചത്. olaelectric.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി 499 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം. 

ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലവറിയില്‍ മുന്‍ഗണന ലഭിക്കും. ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട്‌സ്‌പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടര്‍ അനുഭവമാണ് ഒല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നത്.

18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാര്‍ജിങ് ശേഷിയാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 75 കിലോമീറ്റര്‍ ദൂരം ഈ ചാര്‍ജിങ്ങില്‍ സഞ്ചരിക്കാം. ഒറ്റത്തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2400 കോടി രൂപ മുതല്‍മുടക്കിലാണ് ഒലയുടെ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് ഒരുങ്ങുന്നത്. പ്രതിവര്‍ഷം ഒരു കോടി വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. 2000-ത്തോളം ആളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ പ്ലാന്റില്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്.

Content Highlights: Ola Electric Scooter Booking Cross One Lakh In 24 Hours