ഒല ഇലക്ട്രിക് ഇന്ത്യന്‍ നിരത്തുകള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തും. ഈ വാഹനത്തിന്റെ വരവറിയിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ചിത്രങ്ങള്‍ ഒല ഇലക്ട്രിക് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഒല ഏറ്റെടുത്ത ഡച്ച് കമ്പനിയായ എറ്റെര്‍ഗോ എന്ന ആപ്പ്സ്കൂട്ടറിന് സമാനമായ ഡിസൈനിലാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ ഒരുങ്ങുന്നതെന്നാണ് ചിത്രങ്ങള്‍ നല്കുന്ന സൂചന.
വളരെ ലളിതമായ ഡിസൈനിലാണ് ഒല ഇലക്ട്രിക് സ്കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിംഗിള്‍ സൈഡ് സ്വിങ്ങ്ആം, മുന്നില്‍ നല്‍കിയിട്ടുള്ള ടെലിസ്കോപിക്ക് ഫോര്‍ക്ക് സസ്പെന്ഷന്, സുരക്ഷയൊരുക്കാന്‍ മുന്നില്‍ ഡിസ്ക് ബ്രേക്ക്, എന്നിവയ്ക്ക് പുറമെ, എറ്റെര്‍ഗോ സ്കൂട്ടറില്‍ നിന്ന് അല്‍പ്പം ഡിസൈന്‍ മാറ്റം വരുത്തിയാണ് ഒലയുടെ സ്കൂട്ടറിനെ അണിയിച്ചൊരുക്കിയിട്ടുള്ളത്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള സ്കൂട്ടറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഒല സ്കൂട്ടറിന്റെ റേഞ്ചും കരുത്തും ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഒലയുടെ ഉപകമ്പനിയായ എറ്റെര്‍ഗോ ആപ്പ്സ്കൂട്ടറിന് 240 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കിയിരുന്നത്. അതുകൊണ്ട് തന്നെ ഒല നിരത്തിലെത്തിക്കുന്ന സ്കൂട്ടറിനും ഇതിനോട് ചേര്‍ന്ന് നില്ക്കുന്ന റേഞ്ച് പ്രതീക്ഷിക്കാമെന്നാണ് സൂചന. 45 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും എറ്റെര്‍ഗോ സ്കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.
ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മിക്കുന്നതിനായി പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റും തമിഴ്നാട്ടില്‍ ഒല നിര്‍മിച്ചിട്ടുണ്ട്. ഏഷ്യ, യൂറോപ്പ്, ലാറ്റന് അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇവിടെ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022-ഓടെ നിര്‍മാണ ശേഷി പ്രതിവര്‍ഷം ഒരു കോടിയായി ഉയര്‍ത്താനും ഒല പദ്ധതി ഒരുക്കുന്നുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ രണ്ട് സെക്കന്റില്‍ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ എന്ന നിലയിലായിരിക്കും പ്രൊഡക്ഷന്‍.
ഒലയുടെ ഇ-സ്കൂട്ടറിനുമുണ്ട് ഇന്ത്യയില്‍ അവശ്യത്തിന് എതിരാളികള്‍. ആഥര്‍ 450X, ടി.വി.എസ്. ഐ.ക്യൂബ്, ബജാജ് ചേതക്ക് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. എന്നാല്‍, ഇവയെക്കാള്‍ കുറഞ്ഞ വിലയില്‍ വാഹനം ഉപയോക്താക്കള്‍ക്ക് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. നിരത്തുകളില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വഴിയൊരുക്കുന്ന ഈ സ്കൂട്ടര്‍ എതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Ola Electric releases first teaser visuals of its upcoming Electric Scooter