ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ മേഖലയുടെ മേധാവിത്വം ഒല ഇലക്ട്രിക് സ്വന്തമാക്കി കഴിഞ്ഞു. ബുക്കിങ്ങിന് പിന്നാലെ വിതരണത്തിലും റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. രാജ്യത്തിന്റെ വിവിധ മേഖലയില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിയതിന് പിന്നാലെ ഇവയ്ക്കായുള്ള ചാര്‍ജിങ്ങ് സംവിധാനവും ഒരുക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്ന് ഒല ഇലക്ട്രിക്കിന്റെ മേധാവിയായ ഭവീഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

വരുന്ന വര്‍ഷത്തോടെ 4000-ത്തില്‍ അധികം ഹൈപ്പര്‍ ചാര്‍ജർ സംവിധാനമാണ് ആരംഭിക്കുകയെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേയും ബി.പി.സി.എല്‍. പെട്രോള്‍ പമ്പുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലുമായിരിക്കും ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതിനുള്ള പ്രധാന തടസമായി കണക്കാക്കുന്നത് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ കുറവാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന ആറ് മുതല്‍ എട്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ഒലയുടെ മേധാവി ഉറപ്പുനല്‍കിയിട്ടുള്ളത്. ഇതിനുപുറമെ, ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 2022 ജൂണ്‍ അവസാനം വരെ സൗജന്യമായി ചാര്‍ജ് ചെയ്യുന്നുള്ള സംവിധാനമാണ് അദ്ദേഹത്തിന്റെ ഓഫര്‍.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. 8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. 

എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Content Highlights: Ola electric installing more than 4000 electric vehicle charging units across india, Ola E-Scooter