ന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഒല ഇലക്ട്രിക്. ടീസര്‍ വീഡിയോകളും ചിത്രങ്ങളും പുറത്തിറക്കി വാഹനപ്രേമികളെ ആവേശത്തിലാക്കിയിട്ടുള്ള ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. 499 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഓണ്‍ലൈനായാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹനത്തിന്റെ വിതരണ വേളയില്‍ മുന്‍ഗണന ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിങ്ങ് പ്രഖ്യാപിച്ചതോടെ ഇലക്ട്രിക് വാഹനങ്ങളില്‍ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്നാണ് ഒല അഭിപ്രായപ്പെടുന്നത്. വളരെ കുറഞ്ഞ പണം മാത്രം ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത് എന്നുള്ളതും പ്രത്യേകതയാണ്.

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലെ ഉയര്‍ന്ന വേഗത, മികച്ച റേഞ്ച്, വലിയ ബൂട്ട് സ്‌പേസ്, അതിനൂതനമായ സാങ്കേതികവിദ്യ തുടങ്ങിയവ സംയോജിപ്പിച്ച് നിരത്തുകളില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറായായിരിക്കും ഒലയുടെ മോഡല്‍ എത്തുകയെന്നാണ് നിര്‍മാതാക്കളുടെ ഉറപ്പ്. വിലയും മറ്റ് ഫീച്ചറുകളും വരും ദിവസങ്ങളില്‍ ഒല വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2400 കോടി രൂപ മുതല്‍മുടക്കിലാണ് ഒലയുടെ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് ഒരുങ്ങുന്നത്. പ്രതിവര്‍ഷം ഒരു കോടി വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും ഈ പ്ലാന്റ്. 2000-ത്തോളം ആളുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഈ പ്ലാന്റില്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നത്. രാജ്യത്ത് ഇന്നുള്ള ഏറ്റവും മികച്ച ഗ്രീന്‍ ഫാക്ടറിയായാണ് ഒലയുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതെന്നുമാണ് വിവരം.

Content Highlights:  Ola Electric begins India's EV Revolution. Opens reservation for Ola Scooter