ന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ മേധാവിത്വം ലക്ഷ്യമിട്ട് എത്തിയിട്ടുള്ള വാഹനങ്ങളാണ് ഒല ഇലക്ട്രിക്കിന്റെ എസ്-1, എസ്-1 പ്രോ തുടങ്ങിയവ. ഇതിനോടകം തന്നെ ലക്ഷത്തിലധികം ആളുകള്‍ക്ക് കാത്തിരിപ്പ് സമ്മാനിച്ചിട്ടുള്ള ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നിര്‍മാതാക്കളായ ഒല ഇലക്ട്രിക്. ഇതിന്റെ ഭാഗമായി ഉടന്‍ തന്നെ രാജ്യത്തെ 1000 നഗരങ്ങളില്‍ ടെസ്റ്റ് റൈഡിനുള്ള സംവിധാനം ഒരുക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

വാഹനം ബുക്കുചെയ്തിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ടെസ്റ്റ് റൈഡിനുള്ള അവസരം ഒരുക്കുകയെന്നാണ് ഒല അറിയിച്ചിട്ടുള്ളത്. ഇവര്‍ക്കുള്ള റൈഡ് ഡിസംബര്‍ 15-നകം തീര്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നവംബര്‍ 10-മുതലും ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മുംബൈ, പൂണെ തുടങ്ങിയ സ്ഥലങ്ങളില്‍ നവംബര്‍ 19 മുതലും ടെസ്റ്റ് റൈഡ് ആരംഭിച്ചിരുന്നെന്നാണ് ഒല അറിയിച്ചിരിക്കുന്നത്. 

Ola Electric

കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ രണ്ട് നഗരങ്ങളില്‍ ഉള്‍പ്പെടെ നവംബര്‍ 27 മുതല്‍ ടെസ്റ്റ് റൈഡ് ആരംഭിക്കുന്നുണ്ടെന്നാണ് ഒല ഇലക്ട്രിക് ഉറപ്പുനല്‍കിയിട്ടുള്ളത്. സൂറത്ത്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂര്‍, വഡോദര, ഭൂബനേശ്വര്‍, തിരുപ്പൂര്‍, ജയ്പുര്‍, നാഗ്പുര്‍ തുടങ്ങിയ നഗരങ്ങളിലും 27-ന് റൈഡ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ഡ്രൈവ് നല്‍കിയ സ്ഥലങ്ങളില്‍ നിന്ന് മികച്ച പ്രതീകരണമാണ് ലഭിക്കുന്നതെന്നാണ് വിവരങ്ങള്‍.

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഇന്ത്യയില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്. 

Ola Electric

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്.

Content Highlights: Ola begins roll out pan india test rides. India's largest EV test ride initiative, Ola Electric Scooter, Ola Electric