ന്ത്യയിലെ ഗതാഗതരംഗത്ത് ഇലക്ട്രിക് വിപ്ലവം ഒരുക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രഖ്യാപിക്കുകയും ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്നും ഉറപ്പു നല്‍കി കഴിഞ്ഞു. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്‌വര്‍ക്ക് ഒരുക്കുന്നതിനുള്ള പദ്ധതിയിലാണ് ഒല ഇലക്ട്രിക്.

ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്‌വര്‍ക്കിലൂടെ ഉപയോക്താക്കള്‍ക്ക് നിരവധി ചാര്‍ജിങ്ങ് ഓപ്ഷനുകള്‍ ഒരുക്കാനാണ് ഒല ലക്ഷ്യമിടുന്നത്. ഒല ഇലക്ട്രിക്കിന്റെ ആദ്യ ഉത്പന്നമായ ഇ-സ്‌കൂട്ടര്‍ വരുംമാസങ്ങളില്‍ തന്നെ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. അതിന് മുന്നോടിയായാണ് ഈ ചാര്‍ജിങ്ങ് സംവിധാനം ഒല ഒരുക്കിയിരിക്കുന്നത്. ഹൈപ്പര്‍ ചാര്‍ജറും ഹോം ചാര്‍ജറും വാഹനത്തില്‍ സ്റ്റാന്റേഡായി നല്‍കാനാണ് ഒലയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

"ഗതാഗത സംവിധാനങ്ങളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിച്ചാണ്. ഒരു ഉപയോക്താവ് ഇലക്ട്രിക് വാഹനം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ വിശദമായി പഠിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചാര്‍ജിങ്ങ് നെറ്റ്‌വര്‍ക്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാര്‍ജിങ്ങ് ശൃംഖലയാണ് ഹൈപ്പര്‍ചര്‍ജര്‍ നെറ്റ്‌വര്‍ക്കിലൂടെ ഒരുക്കുന്നത്‌." ഒല സി.ഇ.ഒ. ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. 

ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്‌വര്‍ക്കിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ 400 നഗരങ്ങളിലായി ഒരു ലക്ഷം ചാര്‍ജിങ്ങ് പോയന്റുകള്‍ ഒരുക്കാനാണ് ഒല ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം ഇന്ത്യയിലെ പ്രധാനപ്പെട്ട 100 നഗരങ്ങളിലായി 5000 ചാര്‍ജിങ്ങ് പോയന്റുകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവില്‍ ഇന്ത്യയിലുള്ള ചാര്‍ജിങ്ങ് സംവിധാനങ്ങളുടെ മൂന്നിരട്ടിയാണ് ഒലയുടെ പദ്ധതില്‍ സ്ഥാപിക്കുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഈ ചാര്‍ജിങ്ങ് സംവിധാനത്തില്‍ ഒലയുടെ സ്‌കൂട്ടര്‍ 18 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 75 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഒല ഉറപ്പു നല്‍കുന്നുണ്ട്. വലിയ നഗരങ്ങള്‍, ബിസിനസ് മേഖലകള്‍, ഐ.ടി. പാര്‍ക്കുകള്‍, ഷോപ്പിങ്ങ് മാളുകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഓട്ടോമേറ്റഡ്, മള്‍ട്ടി ലെവല്‍ ചാര്‍ജിങ്ങ്, പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ ഒരുക്കാനും ഒല പദ്ധതി ഒരുക്കുന്നുണ്ട്.

Content Highlights: Ola Announces Hypercharger Network, World's Largest Electric Two-Wheeler Charging Network