ന്ത്യയില്‍ ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. 10-12 വര്‍ഷങ്ങള്‍ക്കപ്പുറം പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരത്തിനോട് വിടപറയുന്ന സാഹചര്യത്തില്‍ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതി തുടങ്ങികഴിഞ്ഞു. ഇക്കൂട്ടത്തിലേക്ക് ഒരുമുഴം മുമ്പെ എത്തുകയാണ് ഇന്ത്യന്‍ കമ്പനിയായ ഒഖിനാവ ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ്. ഒഖിനാവ പ്രെയ്‌സ് എന്ന് പേരിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയാണ് കമ്പനി ഇലക്ട്രിക് വാഹനരംഗത്ത് ശക്തിയാര്‍ജിക്കുന്നത്. 

നിലവില്‍ ഇന്ത്യന്‍ നിരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏറ്റവും കരുത്തുറ്റ സ്‌കൂട്ടര്‍ എന്ന ടാഗ് ലൈനോടെയാണ് ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒഖിനാവയുടെ പ്രെയ്‌സ് എത്തുന്നത്. ഒറ്റചാര്‍ജില്‍ 170-200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്‌കൂട്ടറിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാം. 59889 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഹീറോ Nyx, ഹീറോ ഫോട്ടോണ്‍ എന്നിവയാണ് ഇവിടെ പ്രെയ്‌സിന്റെ മുഖ്യ എതിരാളികള്‍. ഡിസംബര്‍ അവസാനത്തോടെ സ്‌കൂട്ടറിന്റെ വിതരണം ആരംഭിക്കും. 

ഒഖിയാനയില്‍ നിന്നും വിപണിയിലെത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. നേരത്തെ ഈ വര്‍ഷം തുടക്കത്തില്‍ റിഡ്ജി എന്ന മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. എന്നാല്‍ കരുത്തിലും ഫീച്ചേഴ്‌സിലും റിഡ്ജിയെക്കാള്‍ മുന്‍പിലാണ് പ്രെയ്‌സിനുള്ള സ്ഥാനം. രൂപത്തില്‍ ഡിയോ സ്‌കൂട്ടറിനോട് ചെറിയ സാമ്യമുണ്ട് ഇതിന്. മുന്‍ഭാഗത്തെ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലെറ്റ് എന്നിവ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായി കരുത്തുറ്റ ഭാവം നല്‍കും. പിറകിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രയ്ക്ക് അല്‍പം ഉയര്‍ന്ന നില്‍ക്കുന്ന പില്ല്യന്‍ ബറ്റ്‌റെസ്റ്റും പ്രെയ്‌സിനുണ്ട്. പര്‍പ്പിള്‍, ഗോള്‍ഡണ്‍, ബ്ലൂ എന്നീ മൂന്നു നിറങ്ങളില്‍ പ്രെയ്‌സ് നിരത്തിലെത്തും. 

Okinawa Praise

3.35 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1000 watt ഇലക്ട്രിക് മോട്ടോറാണ് പ്രെയ്‌സിന്റെ ഹൃദയം. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍. 1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്. സീറ്റിനടിയില്‍ 19.5 ലിറ്റര്‍ സ്റ്റോറേഡ് സ്‌പേസും ലഭിക്കും. 12 ഇഞ്ചാണ് വീല്‍. സുരക്ഷ ഉറപ്പിക്കാന്‍ മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. ഇതിനൊപ്പം ഇലക്ട്രേണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ വര്‍ധിപ്പിക്കും. 

പ്രീമിയം ഫീച്ചേറായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്ഥാനംപിടിച്ചിട്ടുണ്ട്. സൈഡ് സ്റ്റാന്റ് സെന്‍സര്‍, കീലെസ് എന്‍ട്രി എന്നീ തൂതന സംവിധാനങ്ങളും ഒഖിനാവ പ്രെയ്‌സില്‍ ലഭിക്കും.  മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡബിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുക. പ്രെയ്‌സ് സ്‌കൂട്ടര്‍ കൂടുതല്‍ ജനങ്ങളിലെക്കെത്തിക്കാന്‍ വര്‍ഷാവസാനത്തോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍  150-ഓളം ഡീലര്‍ഷിപ്പ് കമ്പനി ആരംഭിക്കും. 2020-ഓടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 500-ലെത്തിക്കാനാണ് ഒഖിനാവ ലക്ഷ്യമിടുന്നത്. 

Content Highlights: Okinawa Praise Electric Scooter Launched In India