ലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തുള്ള ഇന്ത്യന്‍ കമ്പനിയായ ഒഖിനാവയുടെ പുതിയ മോഡലായ ഐ പ്രെയ്‌സിന്റെ ബുക്കിങ് 450 യൂണിറ്റിലെത്തിയതായി കമ്പനി അറിയിച്ചു. രാജ്യത്തുടനീളമുള്ള 250-ഓളം ഡീലര്‍ഷിപ്പുകള്‍ വഴി കഴിഞ്ഞ മാസമാണ് ഐ പ്രെയ്‌സിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ജനുവരി 15-നുള്ളില്‍ 500 യൂണിറ്റ് ബുക്കിങായിരുന്നു കമ്പനി ലക്ഷ്യമിട്ടത്, എന്നാല്‍ അതിന് മുമ്പെ തന്നെ 90 ശതമാനത്തോളം ബുക്കിങ് ഐ പ്രെയ്‌സിന് ലഭിച്ചതായി കമ്പനി വ്യക്തമാക്കി. 5000 രൂപ സ്വീകരിച്ച് ബുക്കിങ് തുടരുന്ന ഐ പ്രെയ്‌സ് ഈ മാസം അവസാനത്തോടെയാണ് പുറത്തിറങ്ങുക.  

ഒഖിനാവ നിരയില്‍ നേരത്തെയുള്ള പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വകഭേദമാണ് ഐ-പ്രെയ്‌സ്. ഇന്റലിജെന്റ് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് ഐ-പ്രെയ്സിനെ കമ്പനി അവതരിപ്പിക്കുന്നത്. ആവശ്യാനുസരണം എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. പുതിയ ലിഥിയം അയേണ്‍ ബാറ്ററി നല്‍കിയതിലൂടെ നേരത്തെയുള്ള ബാറ്ററിയെക്കാള്‍ 40 ശതമാനത്തോളം ഭാരം കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി വ്യക്തമാക്കി. 1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്. 

ചാര്‍ജിങ് സമയം പകുതിയായി കുറഞ്ഞതിനൊപ്പം ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഐ-പ്രെയ്‌സിന് സാധിക്കും. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം. സുരക്ഷയ്ക്കായി മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. ഇതിനൊപ്പം ഇലക്ട്രേണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ വര്‍ധിപ്പിക്കും. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം, എന്നിവയാണ് ഐ പ്രെയ്‌സിന്റെ മറ്റു പ്രത്യേകതകള്‍. പ്രെയ്സ് കൂടാതെ റിഡ്ജ്, റിഡ്ജ് പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളും ഒഖിനാവ നിരയിലുണ്ട്. 

Content Highlights; Okinawa i-Praise Receives 450 Bookings Ahead Of Launch