ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ റെട്രോ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനൊരുങ്ങുന്നു. XSR ലൈനപ്പിലേക്കാണ് ഈ മോഡല്‍ എത്തുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം XSR 155 എന്ന പേരിലാണ് എന്‍ട്രി ലെവല്‍ റെട്രോ മോട്ടോര്‍സൈക്കില്‍ അവതരിക്കുക. യമഹയുടെ ഏറ്റവും ചെറിയ റെട്രോ സ്‌റ്റൈല്‍ മോഡല്‍കൂടിയാണിത്. XSR 700, XSR 900 എന്നീ മോഡലുകളാണ് യമഹ XSR ലൈനപ്പില്‍ നേരത്തെയുള്ളത്.

R15 V3.0, MT-15 എന്നിവയിലുളള അതേ 155 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും XSR 155 മോഡലിന് കരുത്തേകുക. 19 എച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സ്റ്റാന്റേര്‍ഡായി സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും XSR 155 മോഡലില്‍ നല്‍കും. 

രൂപത്തില്‍ വലിയ XSR 700 മോഡലുമായി സാമ്യമുള്ള ഡിസൈനിലായിരിക്കും XSR 155 മോഡലിന്റെ നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഡൊനീഷ്യന്‍ വിപണിയിലാണ് XSR 155 ആദ്യമെത്തുക. എന്‍ട്രി ലെവല്‍ റെട്രോ ബൈക്കുകള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ഇന്ത്യന്‍ വിപണിയിലേക്കും XSR 155 യമഹ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

Source: Great biker, Inida car news

Content Highlights; Yamaha XSR 155, Retro Styled XSR 155