ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന്റെ മുഖംമിനുക്കിയ പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി പുതിയ എന്‍ടോര്‍ക്കിന്റെ വരവറിയിച്ച് ടീസര്‍ വീഡിയോ ടിവിഎസ് പുറത്തുവിട്ടു. എന്‍ടോര്‍ക്കിന്റെ ഹെഡ്‌ലാമ്പ് ഭാഗങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ആദ്യ ടീസര്‍. 

ഹാലജന്‍ ഹെഡ്‌ലാമ്പിന് പകരം എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ എന്‍ടോര്‍ക്കില്‍ സ്ഥാനംപിടിക്കുക. ടീസര്‍ പ്രകാരം ഹെഡ്‌ലൈറ്റിന് നടുവിലായി ടി രൂപത്തില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുമുണ്ട്. പുതിയ റെഡ് ഗ്രാഫിക്‌സും ഫ്രണ്ട്‌ ഫെയറിങ്ങില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മുന്‍മോഡലില്‍നിന്നുള്ള മാറ്റങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ എന്‍ടോര്‍ക്കില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ടാകില്ല. 124.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ എന്‍ടോര്‍ക്കിനും കരുത്തേകുക. 9.25 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.

 Content Highlights; new TVS NTorq teased ahead of launch