ടിവിഎസ് പുതിയ ജൂപിറ്റര്‍ ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി. 62,346 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കൂടുതല്‍ സ്മാര്‍ട്ടായി ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളെ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാനുള്ള ടിവിഎസ് സ്മാര്‍ട്ട് എക്‌സ്‌കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് ഗ്രാന്റ് എഡിഷന്‍ വിപണിയിലേക്കെത്തിയത്. രാജ്യത്തെ 110 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ആദ്യ മോഡല്‍ കൂടിയാണിത്. 

jupiter

പുതിയ ഇന്‍ബില്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ ഫോണിലെ കോള്‍ നോട്ടിഫിക്കേഷന്‍, മെസേജ് നോട്ടിഫിക്കേഷന്‍, ഓവര്‍ സ്പീഡ് അലര്‍ട്ട്, ട്രിപ്പ് റിപ്പോര്‍ട്ട് എന്നിവ അറിയാന്‍ സാധിക്കും. ഇതിന് പുറമേ ഡ്യുവല്‍ ടോണ്‍ ബോഡി (ടെക് ബ്ലൂ+ബീജ്), ക്രോസ് സ്റ്റിച്ച് മെറൂണ്‍ സീറ്റ്, ഡ്യുവല്‍ ടോണ്‍ ത്രീഡി ലോഗോ എന്നിവ ഗ്രാന്റ് എഡിഷനെ വ്യത്യസ്തമാക്കും. ഇവയൊഴികെ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ ഗ്രാന്റ് എഡിഷനില്ല. 

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഗ്രാന്റ് എഡിഷനും കരുത്തേകുന്നത്. 7500 ആര്‍പിഎമ്മില്‍ 7.89 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്, സിബിഎസ് സംവിധാനവുമുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍.

jupiter

Content Highlights; tvs jupiter grande edition launched in india, jupiter grande edition