ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് പുതിയ 2020 റോക്കറ്റ് 3 മോഡല്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ജിടി, ആര്‍ എന്നീ രണ്ട് വകഭേദങ്ങളാണ് റോക്കറ്റ് 3 മോഡലിനുള്ളത്. ഒരു പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളിലെ ഏറ്റവും വലിയ എന്‍ജിനോടെയാണ് (2500 സിസി) റോക്കറ്റ് 3 മോഡല്‍ എത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന മാസീവ് രൂപഘടനയും ഏറ്റവും കരുത്തുറ്റ ട്രയംഫ് റോക്കറ്റ് 3 ബൈക്കിനുണ്ട്. 

ഹൈ പെര്‍ഫോമെന്‍സ് മസില്‍ റോഡ്‌സ്റ്ററാണ് റോക്ക്റ്റ് 3 ആര്‍. അതേസമയം ക്രൂസര്‍ ടൂറിങ് ശൈലിയാണ് റോക്കറ്റ് 3 ജിടി മോഡലിനുള്ളത്. രൂപത്തില്‍ ഇരുമോഡലുകളും തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ മാത്രമേയുള്ളു. പുതിയ അലൂമിനിയം ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഇതുവഴി  മുന്‍മോഡലിനെക്കാള്‍ 15 കിലോഗ്രാമോളം ഭാരം കുറവാണ് 2020 റോക്കറ്റ് 3 മോഡലിന്. ഫുള്‍ എല്‍ഇഡി ട്വിന്‍ ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയില്‍ലൈറ്റ്, എല്‍ഇഡി ഇന്‍ഡികേറ്റര്‍, എല്‍ഇഡി ലൈസന്‍സ് പ്ലേറ്റ് ലൈറ്റ്, ട്രിപ്പിള്‍ എക്‌സിറ്റ് സൈലന്‍സര്‍, 20 ഇഞ്ച് സ്‌പോര്‍ട്ടി വീല്‍, വലിയ സീറ്റുകള്‍, സിംഗിള്‍ സൈഡെഡ് സ്വിന്‍ഗ്രാം, അഡ്ജസ്റ്റബിള്‍ ബാക്ക് റെസ്റ്റ് (ജിടി മോഡല്‍), ഫ്‌ളൈ സ്‌ക്രീന്‍ (ജിടി മോഡല്‍), സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് എന്നിവ റോക്കറ്റിനെ വ്യത്യസ്തമാക്കും. 

rocket 3

ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ റൈഡര്‍ക്ക് നിരവധി കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ഇന്റഗ്രേറ്റഡ് ഗോപ്രോ കണ്‍ട്രോള്‍ സിസ്റ്റം വാഹനത്തിലുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി മൊഡ്യൂള്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്തും നിരവധി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. കീ ലെസ് ഇഗ്‌നീഷ്യന്‍, സ്റ്റിയറിങ് ലോക്ക്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് ഹില്‍ ഹോള്‍ഡ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

2500 സിസി ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ വാട്ടര്‍ കൂള്‍ഡ് ട്രിപ്പിള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 165 എച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 221 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ മാസീവ് എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 2.89 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോക്കറ്റിന്‌ സാധിക്കും. റോഡ്, റെയിന്‍, സ്‌പോര്‍ട്ട്, റൈഡര്‍ എന്നീ നാല് റൈഡിങ് മോഡുകളും വാഹനത്തിനുണ്ട്. 773 എംഎം ആണ് സീറ്റ് ഹൈറ്റ്. വാഹനത്തിന്റെ ആകെ ഭാരം 291 കിലോഗ്രാം. 

rocket 3

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 320 എംഎം ഡിസ്‌കും പിന്നില്‍ 300 എംഎം ഡിസക് ബ്രേക്കുമാണുള്ളത്. കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയ്‌സ് കണ്‍ട്രോള്‍ സംവിധാനവും വാഹനത്തിലുണ്ട്. റോക്കറ്റ് 3 ആര്‍ മോഡലിന് 21,900 ഡോളറും (15.70 ലക്ഷം രൂപ) റോക്കറ്റ് 3 ജിടിക്ക് 22,600 ഡോളറുമാണ് (16.20 ലക്ഷം രൂപ) വിദേശത്തെ വില. ഇന്ത്യയിലെ വില ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കു.

Content Highlights; triumph rocket 3 india launch on december 5, triumph rocket 3 coming soon