പുതിയ ജിക്‌സര്‍ എസ്എഫ് 250 സുസുക്കി ഇന്ത്യയില്‍ പുറത്തിറക്കി. 1.70 ലക്ഷം രൂപയാണ്‌ വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ജിക്‌സര്‍ 150 യുമായി സാമ്യമുണ്ടെങ്കിലും യുവാക്കളെ ലക്ഷ്യമിട്ട് കൂടുതല്‍ സ്‌പോര്‍ട്ടി രൂപഘടനയിലാണ് പുതിയ എസ്എഫ് 250 മോഡലിന്റെ ഓവറോള്‍ ഡിസൈന്‍. 

മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. വലിയ ഫെയറിങ്, താഴ്ന്ന ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാര്‍, സ്‌പോര്‍ട്ടി എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡയമണ്ട് കട്ട് ഫിനിഷോടെ 17 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ എക്‌സിറ്റ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ്, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് എസ്എഫ് 250യുടെ പ്രധാന പ്രത്യേകതകള്‍. 

Gixxer SF 250

വിപണിയില്‍ സിബിആര്‍ 250, യമഹ ഫേസര്‍ 250 എന്നിവയാണ് ജിക്‌സര്‍ എസ്എഫ് 250 യുടെ മുഖ്യ എതിരാളികള്‍. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 9000 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 22.6 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 38 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കും. 

2010 എംഎം നീളവും 740 എംഎം വീതിയും 1035 എംഎം ഉയരവും 1345 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎമ്മും സീറ്റ് ഹൈറ്റ് 800 എംഎമ്മുമാണ്. 161 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസുമുണ്ട്. 

Gixxer SF 250

Content Highlights; Suzuki Gixxer SF 250, Gixxer SF 250, New Gixxer SF 250