റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ക്ലാസിക് 350 കഴിഞ്ഞാല്‍ കൂടുതല്‍ വില്‍പനയുള്ള മോഡലാണ് ക്രൂസര്‍ മോഡലായ തണ്ടര്‍ബേര്‍ഡ്. രൂപത്തില്‍ മാറ്റമില്ലാതെ തണ്ടര്‍ബേര്‍ഡ് ഓട്ടം തുടങ്ങിയിട്ട് നാളുകുറച്ചായി. ഒടുവില്‍ ഒരുമാറ്റം തണ്ടര്‍ബേര്‍ഡും കൈവരിക്കുകയാണ്. പുറത്തുവന്ന ആദ്യ ചിത്രങ്ങള്‍ പ്രകാരം തണ്ടര്‍ബേര്‍ഡ് 350X, 500X എന്നീ പേരുകളിലാകും പുത്തന്‍ മോഡലിന്റെ പിറവി. അധികം വൈകാതെ 2018 തണ്ടര്‍ ബേര്‍ഡിന്റെ വരവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. 

റോയല്‍ എന്‍ഫീല്‍ഡിന്റെ പരമ്പരാഗത രൂപത്തിനൊപ്പം അല്‍പം സ്‌പോര്‍ട്ടി ലുക്കും ഇത്തവണ പ്രതീക്ഷിക്കാം. ഔട്ട്‌ലെറ്റില്‍ നിന്നുള്ള ചിത്രങ്ങളില്‍ ഇത് പ്രകടമാണ്. പിന്നില്‍ ഉയര്‍ന്നുനിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്റെ ഉയരവും വര്‍ധിപ്പിച്ചു. ആലോയി വീല്‍ പ്രീമിയം രുപം നല്‍കും. എന്‍ജിന്‍ പൂര്‍ണമായും ബ്ലാക്ക് നിറത്തിലേക്ക് മാറി. റിയര്‍വ്യൂ മിറര്‍ വൃത്താകൃതിയിലേക്ക് മാറി. ഇവയൊഴികെ നിലവില്‍ വിപണിയിലുള്ള തണ്ടര്‍ബേര്‍ഡ് 350, 500 മോഡലില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതിയ അതിഥിക്കില്ല.

Thunderbird

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. 350X തണ്ടര്‍ബോര്‍ഡിന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുമേകുന്ന 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് തണ്ടര്‍ബേര്‍ഡ് 500X-ന് കരുത്തേകുക. വില സംബന്ധിച്ച കൃത്യമായ കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇരു മോഡലുകള്‍ക്കും 15000-20000 രൂപ വരെ വില വര്‍ധിച്ചേക്കും. 

Photo Courtesy; Social Media (Tamil)

Content Highlights: New Royal Enfield Thunderbird 350X, 500X Coming Soon