മാറ്റങ്ങളോടെ പുതിയ ബുള്ളറ്റ് 350 ഇന്ത്യയില്‍ പുറത്തിറങ്ങി. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് പുതിയ ബുള്ളറ്റ് 350. 1.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 1.27 ലക്ഷം രൂപയ്ക്ക് പുതിയ ബുള്ളറ്റ് 350 ഇഎസ് മോഡലും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. നിലവില്‍ സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് 350ക്ക് 1.21 ലക്ഷം രൂപയും ബുള്ളറ്റ് 350 ഇഎസിന് 1.36 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇതിനെക്കാള്‍ 9000 രൂപയോളം കുറവാണ് പുതിയ മോഡലുകള്‍ക്ക്.

bullet 350

വില കുറയ്ക്കുന്നതിന്റെ ഭാഗമായി ചെറിയ ചില മാറ്റങ്ങള്‍ ബുള്ളറ്റ് 350യിലുണ്ട്. സ്റ്റാന്റേര്‍ഡിലെ  ബ്ലാക്ക് നിറത്തില്‍ നിന്ന് വ്യത്യസ്തമായി ബുള്ളറ്റ് സില്‍വര്‍, സഫയര്‍ ബ്ലൂ, ഒനിക്‌സ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ പുതിയ ബുള്ളറ്റ് 350 ലഭ്യമാകും. ബുള്ളറ്റ് 350 ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡല്‍  ജെറ്റ് ബ്ലാക്ക്, റീഗല്‍ റെഡ്, റോയല്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പുറത്തിറങ്ങിയത്. പഴയ സ്റ്റാന്റേര്‍ഡ് ബുള്ളറ്റ് ഇഎസ് മോഡല്‍ മെറൂണ്‍, സില്‍വര്‍ നിറങ്ങളില്‍ തന്നെ തുടര്‍ന്നും ലഭ്യമാകും. 

ഫ്യുവല്‍ ടാങ്കിന് പുറമേയുള്ള പല ഭാഗങ്ങളും ബ്ലാക്ക് നിറത്തിലേക്ക് മാറിയതാണ് പുതിയ ബുള്ളറ്റ് 350യിലെ പ്രധാന മാറ്റം. സ്റ്റാന്റേര്‍ഡിലെ ത്രീഡി ലോഗോ എംബ്ലത്തിന് പകരം സിംപിള്‍ ലോഗായാണ് പുതിയ ബുള്ളറ്റ് 350യിലുള്ളത്. അതേസമയം ബുള്ളറ്റ് 350 ഇഎസിലെ എംബ്ലം സ്റ്റാന്റേര്‍ഡിന് സമാനമാണ്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 19 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയുമുണ്ട്. രാജ്യത്തെ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

bullet 350es

Content Highlights; new royal enfield bullet 350 and bullet 350es launched, new bullet 350