റിവോള്‍ട്ട് ഇന്റലികോര്‍പ്പിന്റെ ആദ്യ മോഡലാണ് ആര്‍വി 400 ഇലക്ട്രിക്. കഴിഞ്ഞ മാസം ഇന്ത്യയില്‍ അവതരിപ്പിച്ച ആര്‍വി 400 മോഡലിന്റെ വില ഓഗസ്റ്റ് ഏഴിന് പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി പ്രകാരം സബ്‌സിഡിയോടെയാണ് ആര്‍വി 400 വിപണിയിലെത്തുക. നിലവില്‍ ഇതിന്റെ പ്രീ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം 2500ലേറെ ബുക്കിങ് വാഹനത്തിന് ലഭിച്ചതായും നേരത്തെ കമ്പനി അറിയിച്ചിരുന്നു. 

നിര്‍മിത ബുദ്ധിയോടെ (AI) സംവിധാനത്തോടെ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിത്. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ഇതില്‍ എക്കോ മോഡില്‍ ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.  വാഹനത്തിന്റെ ബാറ്ററി ശേഷി, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം വില പ്രഖ്യാപനത്തിനൊപ്പം കമ്പനി വ്യക്തമാക്കും.

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് ഇലക്ട്രിക് ആര്‍വി 400ന്. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും. 4ജി സിം അധിഷ്ഠിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ ഫീച്ചേഴ്സും വാഹനത്തിലുണ്ട്. റെഡ്, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക. ആദ്യഘട്ടത്തില്‍ ഡല്‍ഹി, പുണെ വിപണികളിലേക്കാണ് ആര്‍വി 400 എത്തുക. പിന്നാലെ ചെന്നൈ, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലേക്കുമെത്തും. 

Content Highlights; Revolt RV 400 price to be announced on August 7, Revolt RV 400 Electric, AI enabled motorcycle, RV 400, Revolt motors