കെടിഎം പുതിയ 790 ഡ്യൂക്ക് സെപ്റ്റംബര്‍ 23ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കരുത്തുറ്റ നേക്കഡ് സ്ട്രീറ്റ് ബൈക്കാണ് 790 ഡ്യൂക്ക്. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ എട്ടര ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. ഓസ്ട്രിയയില്‍ നിര്‍മിച്ച് ഇറക്കുമതി വഴിയാണ് 790 ഡ്യൂക്ക് ഇങ്ങോട്ടെത്തുന്നത്. 

എല്‍ഇഡി ഹെഡ്‌ലാമ്പ്, സ്റ്റെപ്പ്ഡ് സീറ്റ്, സൈഡ് മൗണ്ടഡ് എകസ്‌ഹോസ്റ്റ് എന്നിവയാണ് 790 ഡ്യൂക്കിലെ പ്രധാന സവിശേഷതകള്‍. സ്‌പോര്‍ട്ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നീ നാല് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. 

799 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുക. 9000 ആര്‍പിഎമ്മില്‍ 104 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ 87 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ട്രാക്ഷന്‍ കണ്‍ട്രോള്‍, മോട്ടോര്‍ സ്ലിപ്പ് റഗുലേഷന്‍, മോട്ടോര്‍സൈക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും പുതിയ ഡ്യൂക്കിലുണ്ട്. 

മുന്നില്‍ 43 എംഎം അപ്പ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 300 എംഎം ട്വിന്‍ ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്‌. യമഹ എംടി-09, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821, കവസാക്കി Z900, സുസുക്കി ജിഎസ്എക്‌സ്-ആര്‍ 750 എന്നിവയാണ് 790 ഡ്യൂക്കിന്റെ പ്രധാന എതിരാളികള്‍.

Content Highlights; new KTM 790 Duke launch on september 23, KTM Duke 790